ന്യൂഡല്‍ഹി: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവണമെന്ന് തീരുമാനിക്കാന്‍ അസാധാരണ നടപടി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുകയാണ് എഎപി. ജനഹിതം രേഖപ്പെടുത്താന്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചിരിക്കുയാണ് പാര്‍ട്ടി നേതൃത്വം.
എഎപിയുടെ ക്യാമ്പയിന് വലിയ പിന്തുണയാണ് ലഭിക്കുന്നത് എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ അവകാശവാദം. വോട്ട് രേഖപ്പെടുത്താന്‍ ഒരുക്കിയ ഫോണ്‍ നമ്പര്‍ പലപ്പോഴും തിരക്ക് മൂലം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടായെന്നും ആദ്യമണിക്കൂറില്‍ മാത്രം 2.8 ലക്ഷം പേര്‍ തങ്ങളുടെ അഭിപ്രായം അറിയിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ജനങ്ങളുടെ ടെലി വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ ജനുവരി 17 ന് എഎപിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കുമെന്ന് എഎപി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ”ഇതാദ്യമായാണ് ഒരു പാര്‍ട്ടി സ്വന്തം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പൊതുജനങ്ങളെ അനുവദിക്കുന്നത്, അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് 7074870748 എന്ന നമ്പരില്‍ വിളിക്കുകയോ വാട്ട്‌സ്ആപ്പ് ചെയ്യുകയോ എസ്എംഎസ് ചെയ്യുകയോ ചെയ്യാം. ഫോണ്‍ നമ്പറില്‍ ജനുവരി 17 ന് വൈകുന്നേരം 5 മണി അഭിപ്രായം രേഖപ്പെടുത്താം. പ്രതികരണങ്ങള്‍ അടിസ്ഥാനമാക്കി, എഎപി അതിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കും. കെജ്രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.