അഹമ്മദാബാദ് : പന്ത്രണ്ട് ശതമാനം വോട്ട് നേടിയ ഗുജറാത്തിലെ പ്രകടനത്തോടെ എഎപി ദേശീയ പാര്‍ട്ടി പദത്തിലേക്ക് എത്തുകയാണ്. എഎപി രൂപീകരിച്ച് പത്താം കൊല്ലത്തിലാണ് ദേശീയ പാര്‍ട്ടി പദവിയിലേക്ക് ഉയരുന്നത്. ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള ദേശീയ പാർട്ടികളുടെ പട്ടികയിൽ ഒൻപതാമതായാണ് ആംആദ്മി പാർട്ടി കൂടി കടന്നുവരുന്നത്.
ദില്ലിയിലും പഞ്ചാബിലും ഭരണം പിടിച്ച ആം ആദ്മി പാർട്ടി ഗോവയില്‍ ആറ് ശതമാനം വോട്ട് നേടി രണ്ട് സീറ്റും നേടിയിരുന്നു. ദേശീയ പാർട്ടിയെന്ന പദവി നേടാൻ നാല് സംസ്ഥാനങ്ങളില്‍ ആറ് ശതമാനം വോട്ട് നേടണമെന്ന മാനദണ്ഡങ്ങളിലൊന്ന് പൂര്‍ത്തികരിച്ചതോടെയാണ് എഎപി ഈ പദവിയിലേക്കെത്തുന്നത്.
ദേശീയ സ്വപ്നങ്ങള്‍ കാണുന്ന കെജ്രിവാളും ആംആദ്മിപാര്‍ട്ടിയും കോണ്‍ഗ്രസിന് ബദലായി മാറി ബിജെപിയെ നേരിടുകയെന്ന ലക്ഷ്യവുമായാണ് പോരാടുന്നത്. വളരാനുള്ള പല പാര്‍ട്ടികളുടെയും ശ്രമം പരാജയപ്പെടുമ്പോഴും സൗജന്യ വാഗ്ദാനങ്ങളിലൂടെ കുറഞ്ഞ കാലത്തിനുള്ളില്‍ എഎപിക്ക് പല സംസ്ഥാനങ്ങളിലും കളം പിടിക്കാനായിട്ടുണ്ട്.
ബിജെപിയുടെ ഹിന്ദുത്വ നിലപാടുകൾ കടമെടുത്താണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാന്നിധ്യം കൂട്ടാൻ കെജ്രിവാളിൻറെ ശ്രമം. ഹരിയാനയിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിലും എഎപി സ്വാധീനം ഉണ്ടാക്കിയിരുന്നു. കേരളം ഉൾപ്പടെ കൂടുതൽ സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാനുള്ള എഎപി നീക്കത്തിന് ഗുജറാത്തിൽ അക്കൗണ്ട് തുറന്നത് ഊർജ്ജം നല്കും.