ഡൽഹിയിൽ തകർന്നത് കോൺഗ്രസ്സിന്റെ മുഖംമൂടി, ബി.ജെ.പിയെ കൂട്ട് പിടിച്ച് ‘ആപ്പ് ‘

രാഷ്ട്രീയ പക വ്യക്തിപരമായ പകയായി മാറുമ്പോള്‍ എന്താണ് സംഭവിക്കുക, അതാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നത് ആശയപരമായ കടുത്ത വിയോജിപ്പുകള്‍ മാറ്റി വച്ചാണ് ഡല്‍ഹിയിലെ 7 സീറ്റുകളില്‍ കോണ്‍ഗ്രസ്സുമായി ധാരണയിലെത്താന്‍ ആം ആദ്മി പാര്‍ട്ടി ശ്രമിച്ചത്. അഴിമതിക്കാരുടെ പാര്‍ട്ടിയാണെന്ന് അറിഞ്ഞിട്ടും ബി.ജെ.പി എന്ന ശത്രുവിനെതിരെ സഹകരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി കാണിച്ച വിട്ടുവീഴ്ചയാണ് ഒരു സ്ത്രീയുടെ പകയില്‍ തട്ടി തെറിച്ചിരിക്കുന്നത്.

ആന്ധ്രയിലെ കോണ്‍ഗ്രസ്സിന്റെ അവസ്ഥയിലേക്കാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ്സിനെ ഷീല ദീക്ഷിത് കൊണ്ടു പോകുന്നത്. ആം ആദ്മി പാര്‍ട്ടിയുമായി ധാരണ ഉണ്ടാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം പോലും തള്ളാന്‍ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ പ്രേരിപ്പിച്ചത് സോണിയ ഗാന്ധിയുമായുള്ള അടുപ്പമാണ്.ഇവര്‍ക്കൊപ്പം മുന്‍ പി.സി.സി അദ്ധ്യക്ഷന്‍ അജയ് മാക്കനും സഖ്യത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇതാടെയാണ് മുഴുവന്‍ സീറ്റിലും ഒറ്റക്ക് മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചത്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും സഖ്യമായിരുന്നു എങ്കില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നു. 2014ലെ വോട്ട് വിഹിതം പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും.

സഖ്യം അണികള്‍ക്ക് ദഹിക്കില്ലന്ന വാദമാണ് ഷീല ദീക്ഷിതും അജയ് മാക്കനും വാദിക്കുന്നത്. എന്നാല്‍ ഡല്‍ഹി നിയമസഭയില്‍ കോണ്‍ഗ്രസ്സിനെ പൂജ്യത്തില്‍ ഒതുക്കിയതാണ് എതിര്‍പ്പിന്റെ അടിസ്ഥാന കാരണമെന്നതാണ് വസ്തുത. മോദിയെയും അമിത് ഷായെയും പരാജയപ്പെടുത്തണമെന്ന് രാജ്യം ആഗ്രഹിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ബി.ജെ.പിയെ സഹായിക്കുകയാണെന്നാണ് കെജരിവാള്‍ ആരോപിക്കുന്നത്. അപ്രഖ്യാപിത കോണ്‍ഗ്രസ്സ്- ബി.ജെ.പി സഖ്യത്തിനാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ കളമൊരുങ്ങുന്നത് . ബി.ജെ.പി വിജയിച്ചാലും ആം ആദ്മി പാര്‍ട്ടി വിജയിക്കരുതെന്ന ഡല്‍ഹിയിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ ആഗ്രഹം എന്തായാലും കടന്ന കയ്യായിപ്പോയി.

ഇവരാണോ ബി.ജെ.പിയെ പരാജയപ്പെടുത്തി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് അവകാശപ്പെടുന്നത് ? ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലെ ഡല്‍ഹിയും അവിടുത്തെ ജീവിത സാഹചര്യവുമല്ല പുതിയ ഡല്‍ഹിയിലുള്ളത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ്സിന് വാഗ്ദാനങ്ങള്‍ മാത്രമാണ്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്ക് അങ്ങനെയല്ല. അവരെ സംബന്ധിച്ച് അത് നടപ്പാക്കാനുള്ളതാണ്. അധികാരത്തില്‍ വന്ന് 24 മണിക്കൂറിനുള്ളില്‍ അക്കാര്യം കെജരിവാള്‍ സര്‍ക്കാര്‍ തെളിയിക്കുകയും ചെയ്തു.മാറിയ ഡല്‍ഹിയുടെ മുഖം ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്.

തുടര്‍ച്ചയായി ഡല്‍ഹിയില്‍ മൃഗീയ മേധാവിത്വത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭരണം നടത്താന്‍ കഴിയുന്നത് ജനക്ഷേമകരമായ നടപടികള്‍ മൂലമാണ്. പ്രാദേശിക വിഷയത്തേക്കാള്‍ ദേശീയ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ബി.ജെ.പിക്ക് ഡല്‍ഹിയില്‍ നിന്നും ലഭിക്കരുതെന്നാണ് കെജരിവാളിന്റെ ആഗ്രഹം. അതുകൊണ്ടാണ് മനസ്സില്ലാ മനസോടെ ആണെങ്കിലും കോണ്‍ഗ്രസ്സുമായി ധാരണക്ക് അവര്‍ ശ്രമിച്ചിരുന്നത്.ഇപ്പോള്‍ ധാരണ പൊളിഞ്ഞ സ്ഥിതിക്ക് കോണ്‍ഗ്രസ്സിന്റെ നില ഡല്‍ഹിയില്‍ കൂടുതല്‍ പരിതാപകരമാകും. ഇവിടെ ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടക്കുക. മൂന്നാം സ്ഥാനത്തിന് വേണ്ടി മാത്രമായിരിക്കും ഇനി കോണ്‍ഗ്രസ്സ് മത്സരിക്കുന്നത്.

ബി.ജെ.പി ഇതര വിശാല സഖ്യം കേന്ദ്രത്തില്‍ വരണമെന്ന കോണ്‍ഗ്രസ്സ് വാദവും ഇനി വിലപ്പോകില്ല. ഡല്‍ഹിയിലെ നിലപാട് ഉദാഹരണമാക്കി തിരിച്ചടിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ തയ്യാറാവും. ഇനി കേന്ദ്രത്തില്‍ തൂക്ക് മന്ത്രിസഭ എങ്ങാന്‍ വരികയും ആം ആദ്മി പാര്‍ട്ടി നിര്‍ണ്ണായകമാകുന്ന സാഹചര്യവുമുണ്ടായാല്‍ അതോടെ കോണ്‍ഗ്രസ്സിന് കെജരിവാളിന്റെ കാല് പിടിക്കേണ്ടി വരും. ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും എം.പിമാരെ വിജയിപ്പിക്കാനുള്ള കരുത്ത് ആം ആദ്മി പാര്‍ട്ടിക്കുണ്ട്. 10 ല്‍ കുറയാത്ത സീറ്റ് ഇത്തവണ നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വം.

Top