ലോക്ക് ഡൗണ്‍ കാലത്ത് സ്വകാര്യ, സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പുറത്തിറങ്ങാന്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍.കൊവിഡ് രോഗബാധയുള്ള സ്ഥലത്ത് താമസിക്കുന്ന ആളുകള്‍ക്കും ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേ സമയം, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും കൊവിഡ് രോഗബാധയില്ലാത്ത സ്ഥലത്ത് കഴിയുന്നവരും ഇത് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസമാണ് തൊഴിലാളികള്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയത്. മെയ് 4 മുതല്‍ നീട്ടിയ ലോക്ക് ഡൗണ്‍ കാലത്ത് തങ്ങളുടെ മൊബൈല്‍ ഫോണില്‍ ആരോഗ്യസേതു ആപ്പ് ഉണ്ടാവണമെന്നായിരുന്നു നിര്‍ദ്ദേശം. അതാത് കമ്പനി തലവന്മാര്‍ക്കായിരിക്കും ഇതിന്റെ ഉത്തരവാദിത്തം. വരുന്ന ഏതാനും ആഴ്ചകളില്‍ 30 കോടി ഡൗണ്‍ലോഡുകളാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. അതേ സമയം, ആപ്പിലെ ഡേറ്റ സുരക്ഷയുടെ കാര്യത്തില്‍ സംശയങ്ങള്‍ ഉയരുന്നുണ്ട്.
ആവശ്യത്തിലധികം വിവരങ്ങള്‍ ഡേറ്റ ആവശ്യപ്പെടുന്നുണ്ടെന്നും മറ്റ് രാജ്യങ്ങളിലെ കോണ്‍ടാക്ട്-ട്രേസിംഗ് ആപ്പുകളുടെ നിലവാരം ഇതിനില്ലെന്നുമാണ് ആക്ഷേപം. ജിപിഎസ് കേന്ദ്രീകരിച്ചുള്ള ലൊക്കേഷന്റെ ഡേറ്റ ഉപയോഗം ഏറെ അപകടകരമാണെന്നും ആരോപണം ഉയരുന്നു.
ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ സങ്കീര്‍ണമായ നിരീക്ഷണ സംവിധാനമാണെന്നും നല്‍കുന്ന വിവരങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിന് കരാര്‍ കൊടുത്താണ് ആപ്പ് നിര്‍മ്മിച്ചത്. ആപ്ലിക്കേഷനില്‍ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ആശങ്കയും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.