ആരുഷി തല്‍വാര്‍ കേസ് : സി ബി ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

aarushi

ന്യൂഡല്‍ഹി: ആരുഷി തല്‍വാര്‍ കേസുമായി ബന്ധപ്പെട്ട് സി ബി ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ആരുഷി വധകേസില്‍ പ്രതികളെന്നാരോപിക്കപ്പെട്ട ആരുഷിയുടെ മാതാപിതാക്കളെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീലാണ് കോടതി സ്വീകരിച്ചത്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാറിനെയും നൂപുര തല്‍വാറിനെയും അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടിരുന്നു. ഇവരെ വെറുതെ വിട്ട ഉത്തരവിനെ ചോദ്യം ചെയ്ത് ആരുഷിക്കൊപ്പം കൊല്ലപ്പെട്ട ഹേമരാജിന്റെ ഭാര്യയും സുപ്രീം കോടതിയെ സമീപിച്ചിച്ചിരുന്നു.

2008 മേയ് 16നാണ് നോയിഡയിലെ വസതിയിലെ കിടപ്പുമുറിയില്‍ ആരുഷി തല്‍വാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടു ജോലിക്കായി നിന്നിരുന്ന ഹേമരാജിനെ ടെറസില്‍ മരിച്ച നിലയിലും കണ്ടെത്തി. ആരുഷിയും ഹേമരാജും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്ന സംശയത്തില്‍ തല്‍വാര്‍ ദമ്പതിമാര്‍ രണ്ടുപേരെയും കൊലപ്പെടുത്തുകയായിരുന്നെന്നായിരുന്നു കേസ് അന്വേഷിച്ച സി.ബി.ഐ.യുടെ കണ്ടെത്തല്‍.

എന്നാല്‍ ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സി ബി ഐ ക്ക് കഴിയാത്തത് മൂലം 2017 ഒക്‌ടോബര്‍ 12 ന് അലഹബാദ് ഹൈക്കോടതി രാജേഷിനെയും, നൂപുരയെയും വെറുതെ വിടുകയായിരുന്നു.

Top