കൊച്ചി : താരസംഘടനയായ അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബു രംഗത്ത്. മരണം വരെ അമ്മയുടെ പടിക്ക് പുറത്തായിരുന്ന നടന്‍ തിലകന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത് കൊണ്ടാണ് ആഷിഖ് അബുവിന്റെ വിമര്‍ശനം.
ക്രിമിനല്‍ കേസില്‍ പ്രതി അല്ലാതിരുന്നിട്ടും സിനിമാ തമ്പുരാക്കന്മാര്‍ പടിക്ക് പുറത്ത് നിര്‍ത്തിയിരുന്ന തിലകന്‍ ചേട്ടനോട് അമ്മ മാപ്പ് പറയുമായിരിക്കുമല്ലേ എന്ന് ആഷിഖ് അബു ചോദിക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ വീണ്ടും അമ്മയില്‍ എത്തിക്കാനുള്ള ജനറല്‍ ബോഡി യോഗവും എക്‌സിക്യൂട്ടീവ് കമ്മറ്റിയും തീരുമാനിച്ച സാഹചര്യത്തിലാണ് ആഷിഖ് അബുവിന്റെ വിമര്‍ശനം. സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയും അമ്മയുടെ തീരുമാനത്തെ അപലപിച്ച് രംഗത്ത് എത്തിയിരുന്നു.
ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ ?