Aashiq Abu avoiding nivinpauly : nivin depends sagav release

കൊച്ചി: നടന്‍ നിവിന്‍ പോളിയുടെ ഭാവിയില്‍ ‘സഖാവ് ‘ നിര്‍ണ്ണായകമാവും.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിനു ശേഷം നിവിന്‍ പോളി നായകനായി അഭിനയിച്ച സഖാവ് വെള്ളിയാഴ്ച വിഷു റിലീസായാണ് പുറത്ത് വരുന്നത്.

മുന്‍ എസ് എഫ് ഐ ജില്ലാ കമ്മറ്റി അംഗമായ സിദ്ധാര്‍ത്ഥ് ശിവയാണ് സംവിധായകന്‍ എന്നതിനാല്‍ ഇടത് പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്.

മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച പുലിമുരുകന് പോലും ലഭിക്കാത്ത തകര്‍പ്പന്‍ ഓപ്പണിങ്ങ് ചുവപ്പിന്റെ കഥ പറഞ്ഞ മെക്‌സിക്കന്‍ അപാരതയ്ക്ക് ലഭിച്ചതാണ് സഖാവിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്.

ടീസറുകളും ഗാനങ്ങളും മുദ്രാവാക്യങ്ങളും പകര്‍ന്ന് നല്‍കിയ ആവേശമാണ് എസ് എഫ് ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും കമ്യൂണിസ്റ്റ് അനുഭാവികളെയും ആദ്യ ദിനത്തില്‍ തന്നെ മെക്‌സിക്കന്‍ അപാരതയില്‍ എത്തിച്ചിരുന്നത്.

സിനിമ ഹിറ്റായിരുന്നുവെങ്കിലും പ്രതീക്ഷിച്ച ‘വിഭവങ്ങള്‍’ ഇല്ലാതിരുന്നതും ഒരു കമൂണിസ്റ്റ് അനുഭാവിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചില രംഗങ്ങള്‍ സിനിമക്ക് അകത്ത് സൃഷ്ടിക്കപ്പെട്ടതും തകര്‍പ്പന്‍ വിജയപ്രതീക്ഷക്ക് തിരിച്ചടിയായിരുന്നു.

മഹാരാജാസിലെ എസ് എഫ് ഐ യുടെ കഥപറഞ്ഞ സിനിമയെ എസ് എഫ് ഐ മഹാരാജാസ് യൂണിറ്റ് സെക്രട്ടറി തന്നെ പിന്നീട് പരസ്യമായി തളളിപ്പറയുന്ന സാഹചര്യവുമുണ്ടായി.

ഇത് പിന്നീട് ഇടതുപക്ഷ അനുഭാവികളുടെ കുത്തൊഴുക്ക് കുറയാന്‍ കാരണമാവുകയും ചെയ്തു. ഇതോടെ വലിയ നേട്ടം കൊയ്തത് ഒപ്പം റിലീസ് ചെയ്ത അങ്കമാലി ഡയറീസാണ്.

ഈ ‘അനുഭവം’ കൂടി മുന്‍നിര്‍ത്തി ജാഗ്രത പാലിച്ചാണ് സഖാവിന്റെ തകര്‍പ്പന്‍ വരവ്.

സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ നിന്നും വടകര വരെ നടത്തിയ റോഡ് ഷോയില്‍ നിവിന്‍ പോളിക്കൊപ്പം അണിനിരന്നതില്‍ ഭൂരിപക്ഷവും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു.റോഡ് ഷോ ഉദ്ഘാടനം ചെയ്തത് തന്നെ തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറായിരുന്നു.

കണ്ണൂര്‍ സര്‍വ്വകലാശാലയിലും തലശ്ശേരി ബ്രണ്ണന്‍ കോളജുമുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ റോഡ് ഷോക്ക് സ്വീകരണവും നല്‍കപ്പെട്ടു.

ഒരു ‘ മെക്‌സിക്കന്‍ ‘ അനുഭവം ഉള്ളതിനാല്‍ സിനിമക്ക് അകത്ത് എന്താണെന്ന് അറിഞ്ഞിട്ട് പോരായിരുന്നുവോ സഹകരണമെന്ന വിമര്‍ശനവും സഖാക്കള്‍ക്കിടയില്‍ ഇതിനിടെ വ്യാപകമായിരുന്നു.

സിനിമയുടെ കച്ചവടത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് മുന്‍ എസ് എഫ് ഐ നേതാക്കളും സര്‍വകലാശാലാ യൂണിയന്‍ ഭാരവാഹികളായിരുന്നവരും ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട് പ്രതിഷേധിക്കുകയും ചെയ്തു.

എന്നാല്‍ സിനിമയെ സിനിമയായി തന്നെ കാണണമെന്ന നിലപാടാണ് വിഷയത്തില്‍ ഡിവൈഎഫ്‌ഐ എസ് എഫ് ഐ നേതാക്കള്‍ പിന്നീട് സ്വീകരിച്ചത്.

മെക്‌സിക്കന്‍ അപാരതയില്‍ ചുവപ്പ് കൊടി പിടിച്ച ടൊവിനോ തന്നെയാണ് സഖാവില്‍ ചുവപ്പ് കൊടി പിടിച്ച നിവിന്‍ പോളിയുടെ സിനിമാ മേഖലയിലെ ഇപ്പോഴത്തെ പ്രധാന എതിരാളി. നിവിനു വേണ്ടി തയ്യാറാക്കിയ പല തിരക്കഥകളിലും ഇപ്പോള്‍ നായകസ്ഥാനത്തേക്ക് സംവിധായകര്‍ പരിഗണിക്കുന്നത് ടൊവിനോയെയാണ്.

നിവിന്‍ പോളിയുടെ ‘നിസഹകരണ’ മനോഭാവമാണിതിനു കാരണം.

ആഷിഖ് അബു നിവിന്‍ പോളിയെ വച്ച് എടുക്കാനിരുന്ന സിനിമയിലാണ് ഇപ്പോള്‍ പകരം നായകനായി ടൊവീനോയ്ക്ക് നറുക്ക് വീണിരിക്കുന്നതെന്നാണ് അറിയുന്നത്. ഇതിന് സമാനമായാണ് പല സംവിധായകരും ഇപ്പോള്‍ ചിന്തിക്കുന്നത്.

അടുത്തു തന്നെ റിലീസ് ചെയ്യാനിരിക്കുന്ന ബേസിലിന്റെ ഗോദയിലും ടൊവിനോയാണ് നായകന്‍. കുഞ്ഞിരാമായണം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകനാണ് ബേസില്‍. ഇതിനു പുറമെ മറ്റൊരു ചിത്രവും ടൊവിനോയെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തിലും നിവിന്‍പോളിയെ നായകനാക്കാനായിരുന്നു ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്.

സഖാവിന് ശേഷം നിവിന്‍ പോളിയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം പുതുമുഖ സംവിധായകന്‍ അല്‍ത്താഫിന്റെ ഞണ്ടുകള്‍ ആണ്. സഖാവിന്റെ ‘ഭാവി’ ഈ ചിത്രത്തിനും നിര്‍ണ്ണായകമാകും.

പ്രിഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി സൂപ്പര്‍ യുവതാരങ്ങള്‍ നല്ല കഥ കേട്ടാല്‍ അത് സെലക്ട് ചെയ്ത് അവസരം പാഴാക്കാതെ മുന്നോട്ട് പോകുമ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍ക്ക്‌മേല്‍ നിവിന്‍ പോളി മുഖം തിരിക്കുന്നതാണ് ടൊവിനോയെ പരിഗണിക്കാന്‍ സംവിധായകരെ പ്രേരിപ്പിക്കുന്നത്.

തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകള്‍ നല്‍കാന്‍ ടൊവിനോയ്ക്ക് കഴിഞ്ഞാല്‍ നിവിന്‍ പോളിയുടെ നില പരുങ്ങലിലാകും.

അതു കൊണ്ടു തന്നെ സഖാവും ഞണ്ടുകളും തകര്‍പ്പന്‍ വിജയം നേടേണ്ടത് നിവിന്‍ പോളിക്ക് വ്യക്തിപരമായും ഇപ്പോള്‍ അനിവാര്യമാണ്.

Top