Aashiq Abu facebook post

കൊച്ചി: ബലാത്സംഗിയെ പ്രണയിക്കുന്ന ഇരയുടെ ചിന്തകള്‍ ആസ്പദമാക്കി കവിത രചിച്ച കവിയേയും അതിനെ അതിരറ്റ് പ്രോത്സാഹിപ്പിച്ച അവതാരകനേയും രൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത സംവിധായകന്‍ ആഷിഖ് അബു രംഗത്ത്.

കവിയായ സാം മാത്യുവിനെ വിഡ്ഢിയെന്നാണ് ആഷിഖ് അബു അഭിസംബോധന ചെയ്തിരിക്കുന്നത്. മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും കൈരളിയില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതായും ആഷിഖ് കളിയാക്കുന്നു.

എല്ലാവിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടാ വിഡ്ഢി കവി. ബ്രിട്ടാസ്, മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും കൈരളിയില്‍ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ആഷിഖ് പരിഹസിക്കുന്നു.

കഴിഞ്ഞ ദിവസം കൈരളി ചാനലിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് സാം മാത്യു തന്റെ പുതിയ കവിത അവതരിപ്പിച്ചത്. ‘പടര്‍പ്പ്’ എന്ന പേരില്‍ എഴുതിയിരിക്കുന്ന കവിത ബലാത്സംഗിയോട് ഇരയ്ക്ക് തോന്നുന്ന പ്രണയചിന്തകളെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി തന്റെ ഉള്ളിലൊരു ബീജം തന്ന ആ പുരുഷനെ ഇഷ്ടപ്പെടുന്നു, പ്രണയിക്കുന്നു, തന്റെ ഉള്ളിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് അവള്‍ പറയുന്നതാണ് കവിത.

കേരളീയ സമൂഹം അടുത്തിടെ ഏറെ ചര്‍ച്ച ചെയ്ത കവിതയായ സഖാവിന്റെ പിതൃത്വം സംബന്ധിച്ച അവകാശവാദികളില്‍ ഒരാളായിരുന്നു സാം മാത്യു. പരിപാടിയുടെ അവതാരകനായ ജോണ്‍ ബ്രിട്ടാസ് ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങളാണ് പുതിയ കവിതയുടെ അവതരണത്തിലേക്ക് നയിച്ചത്.

പെണ്ണെഴുത്തിന്റെ ഭാവത്തില്‍ താന്‍ വേറെയും കവിതകള്‍ രചിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സഖാവ് കവിതയുടെ രചയിതാവ് താന്‍തന്നെയെന്ന് സമര്‍ത്ഥിക്കുകയായിരുന്നു സാമിന്റെ ലക്ഷ്യം.

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പീഡകനെ പ്രണയിക്കുന്നതും അയാള്‍ക്കായി കാത്തിരിക്കുന്നതുമാണ് കവിതയുടെ പ്രമേയം.

പരിപാടി കഴിഞ്ഞ ഉടന്‍ തന്നെ കവിയേയും കവിതയേയും അതിനെ പ്രോത്സാഹിപ്പിച്ച അവതാരകനേയും രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു.

Top