ആഷിഖ് അബുവിന്റെ ഒപിഎം പ്രൊഡക്ഷൻസ് സ്ത്രീ സുരക്ഷയ്ക്കായി കമ്മിറ്റി ഒരുക്കും

സ്ത്രീ സുരക്ഷാ ലക്ഷ്യമിട്ട്, ആഷിഖ് അബുവിന്റെ ഒപിഎം പ്രൊഡക്ഷൻസിൽ ഇനി മുതൽ ഒരു ഇന്റർണൽ കംപ്ലൈന്റ്റ് കമ്മിറ്റി(ഐ. സി. സി) ഉണ്ടാകും. തന്റെ പ്രൊഡക്ഷനിൽ നിർമ്മിക്കുന്ന ചിത്രങ്ങളുടെ തൊഴിലിടങ്ങളിൽ സ്ത്രീകൾ ചൂക്ഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തുകയായിരിക്കും ഈ കമ്മിറ്റിയുടെ ലക്ഷ്യം.

മീ ടൂ തരംഗമായി മാറിയതോടെ, മലയാളം സിനിമ മേഖലയിൽ ഉൾപ്പെടെ എല്ലായിടത്തും ആരോപണങ്ങളും പ്രതിസന്ധികളും ഉയരുന്നത് കണക്കിലെടുത്താണ് ഇത്തരം ഒരു കമ്മിറ്റിക്ക് രൂപം നൽകുന്നത്. ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബു ഇക്കാര്യം പറഞ്ഞത്.

“ഞങ്ങൾ ഭാവിയിൽ നിർമ്മിക്കുന്ന സിനിമകളിൽ ICC (Internal Complaint Committee) പ്രവർത്തിക്കുന്നതായിരിക്കും. എല്ലാ വിധത്തിലുള്ള തൊഴിൽ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാം.
സുരക്ഷിത തൊഴിലിടം, എല്ലാവർക്കും !” എന്നാണ് ആഷിഖ് അബു കുറിച്ചത്.

സിനിമയിൽ പിന്നണി പ്രവർത്തകരും മുഖ്യധാരയിൽ ഉള്ള അഭിനയിത്രികളും നേരിടുന്ന ചൂക്ഷണങ്ങളും ലൈംഗീക അതിക്രമങ്ങളും ചൂണ്ടി കാണിച്ചുകൊണ്ട് വിമൺ ഇൻ സിനിമ കളക്‌ട്ടീവ് ഇന്നലെ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിന്റെ പിന്നാലെയാണ് ആഷിഖ് അബുവിന്റെ ഈ പ്രഖ്യാപനം.

ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ ഡബ്ല്യൂസിസി പ്രതിനിധികൾ പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ നടപടി വൈകുന്നതിൽ ‘അമ്മ’യ്‌ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങിയാണ് ഡബ്ല്യൂസിസി വാർത്താ സമ്മേളനം വിളിച്ചു ചേർത്തത്.

ഡബ്ല്യൂസിസിയിലെ ഒരാളുടെ പേരു പറയാനുള്ള മര്യാദ പോലും അമ്മ പ്രസിഡന്റ് കാണിച്ചില്ലെന്നും നടിമാർ എന്നു പറഞ്ഞാണ് സംസാരിച്ചതെന്നും മോഹൻലാലിനെതിരെ തുറന്നടിച്ച് രേവതി പറഞ്ഞു. ദിലീപ് അമ്മ സംഘടനയില്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയയും പറഞ്ഞു.

കേരളത്തിലെ സിനിമാ സംഘടനകൾ വാക്കാലല്ലാതെ ഒരു സഹായവും നൽകിയില്ലെന്നും 15 വർഷമായി സിനിമയിൽ പ്രവർത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടതെന്നും പ്രതിയായ നടൻ നടിയുടെ അവസരങ്ങൾ തട്ടിമാറ്റിയെന്നും ഇക്കാരണങ്ങൾ കൊണ്ടൊക്കെയാണ് ഡബ്ല്യൂസിസി എന്ന സംഘടന രൂപീകരിക്കാൻ കാരണമായതെന്നും പ്രതിനിധികൾ വ്യക്തമാക്കി.

Top