‘മാതൃഭൂമിക്ക് ‘മീശ’ വേണ്ടെങ്കില്‍ അതേറ്റെടുക്കാന്‍ ആയിരം പ്രസാധകര്‍ വേറെ വരും’ ആഷിഖ് അബു

കൊച്ചി : മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്ന എസ് ഹരീഷിന്റ ‘മീശ’ നോവല്‍ സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ത്ത് പിന്‍വലിക്കേണ്ടി വന്നതില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്.

‘നല്ല പ്രതിഭയുള്ള, നല്ല നട്ടെല്ലുള്ള മനുഷ്യനാണ് എസ് ഹരീഷ്. അയാള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിരോധിക്കേണ്ട പ്രസാധകര്‍ പിന്‍വലിഞ്ഞു. അത് മാത്രമാണ് നടന്നത്. മാതൃഭൂമിക്ക് ‘മീശ’ വേണ്ടെങ്കില്‍ അതേറ്റെടുക്കാന്‍ ആയിരം പ്രസാധകര്‍ വേറെ വരും. ഹരീഷിനോട് ആവര്‍ത്തിച്ചുള്ള ഐക്യദാര്‍ഢ്യം’ ആഷിഖ് അബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മീശ നോവല്‍ പ്രസിദ്ധികരണം നിര്‍ത്തരുതെന്നാവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്തുനിര്‍ത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എസ്.ഹരീഷിന് നോവല്‍ പിന്‍വലിക്കേണ്ടിവന്നത് പ്രബുദ്ധ കേരളത്തിന് നാണക്കേടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

സൈബര്‍ ലോകത്തും പുറത്തുമായി ഉയര്‍ന്ന ഭീഷണിയെ തുടര്‍ന്ന് ഇന്നലെയാണ് സാഹിത്യകാരന്‍ എസ്.ഹരീഷ് ആഴ്ച്ചപതിപ്പില്‍നിന്ന് തന്റെ നോവല്‍ പിന്‍വലിച്ചത്. നോവലിന്റെ മൂന്നാം ലക്കത്തില്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണ ശകലമാണ് ചില സമുദായ സംഘടനകളെയും അതിന്റെ സൈബര്‍ പോരാളികളെയും ചൊടിപ്പിച്ചത്. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് സംഘടനകള്‍ പ്രത്യക്ഷ സമരവും സംഘടിപ്പിച്ചിരുന്നു

Top