ഹരിതചട്ടം പാലിച്ചില്ല; ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്ലാസ്റ്റിക് ഉപയോഗിച്ച സംഘടനകള്‍ക്ക് പിഴ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയില്‍ ഹരിതചട്ടം നടപ്പാക്കാത്ത സംഘടനകള്‍ക്ക് പിഴയിട്ട് തിരുവനന്തപുരം നഗരസഭ. പൊങ്കാലയ്ക്ക് പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണവിതരണം നടത്തിയവര്‍ ഏഴ് ദിവസത്തിനകം പിഴ അടയ്ക്കണം. സംഘടനകള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും.

129 സംഘടനകളാണ് ആറ്റുകാല്‍പൊങ്കാല ദിവസം ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, അതില്‍ക്കൂടുതല്‍ പേര്‍ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. ഇതില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് ആണുപയോഗിച്ചതെന്നാണ് നഗരസഭയുടെ കണ്ടെത്തല്‍. പ്ലാസ്റ്റിക് കാരി ബാഗ്, പാത്രങ്ങള്‍, ഗ്ലാസ് എന്നിവ ഉപയോഗിച്ചാല്‍ 5000 രൂപയും പ്ലാസ്റ്റിക് ബോര്‍ഡുകള്‍ക്കും ഫ്‌ലക്‌സുകള്‍ക്കും 1000 രൂപയുമാണ് പിഴ.

നഗരസഭ ജീവനക്കാരും 500 ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരും നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് ഉപയോഗിച്ചവരുടെ പട്ടിക തയ്യാറാക്കിയത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് പൊങ്കാലയ്ക്ക് പ്ലാസ്റ്റിക് ഉപയോഗം കുറഞ്ഞിട്ടുണ്ട്. 65 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് നഗരത്തില്‍ നിന്ന് നീക്കം ചെയ്തത്. മികച്ച രീതിയില്‍ ഹരിതചട്ടം നടപ്പാക്കിയ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നഗരസഭ അവാര്‍ഡും നല്‍കുന്നുണ്ട്.

Top