മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ആവാസവ്യൂഹം ഒടിടി റിലീസിലൂടെ പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. കൃഷാന്ദ് ആര്‍ കെ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളെയാണ് ചിത്രം അഭിസംബോധന ചെയ്യുന്നത്. പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങളെക്കുറിച്ച് വ്യത്യസ്തമായ ശൈലിയിൽ തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിന് ജൂറിയുടെ പരാമർശങ്ങളും ലഭിച്ചിരുന്നു.ഒരു ഡോക്യുമെന്ററിയുടെ ഘടനയിലും സ്വഭാവത്തിലുമാണ് സിനിമ ഒരുക്കിയിരിക്കുന്നതെങ്കിലും ചിത്രം പ്രേക്ഷകനെ മടുപ്പിക്കില്ല.
അന്തര്‍ദേശീയ നിലവാരത്തിലുള്ള മലയാള ചിത്രമെന്നാണ് ആവാസവ്യൂഹത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. “ചലച്ചിത്ര നിര്‍മ്മാണത്തിന്‍റെ അതിരുകള്‍ ഭേദിക്കുന്ന ഒരു ചിത്രം 10 വര്‍ഷത്തിലൊരിക്കലേ സംഭവിക്കൂ 2012ല്‍ അത് ഷിപ്പ് ഓഫ് തെസ്യൂസ് ആയിരുന്നു. 2022ല്‍ അത് മലയാള ചിത്രം ആവാസവ്യൂഹമാണ്. ഭാഷ ഒരു വിഷയമല്ല. ആ വിഭാഗം സിനിമകളെ സംബന്ധിച്ചു തന്നെ മുന്നേറ്റമാണ് ഈ ചിത്രം. ഇത് കാണാതിരിക്കരുത്”, എന്നാണ് എന്‍ എസ് മാധവന്‍ ട്വിറ്ററിൽ കുറിച്ചത്.