2016ല്‍ റെക്കോഡ്​ കൂട്ടുകെട്ടുയര്‍ത്തിയ കിറ്റ് കോഹ്​ലിയും ഡിവില്ലിയേഴ്​സും​ ലേലം ചെയ്യും

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നിനാണ് 2016 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ലയണ്‍സും തമ്മില്‍ ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തില്‍ നേടിയത്.

അന്ന് ബാംഗ്ലൂര്‍ 248 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ സെഞ്ച്വറികളുമായി 229 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ എബി ഡിവില്ലിയേഴ്‌സും വിരാട് കോഹ്ലിയും തങ്ങളുടെ തന്നെ റെക്കോഡ് തിരുത്തി.

ഇപ്പോഴിതാ ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളുടെ ആ പച്ച നിറത്തിലുള്ള ജഴ്‌സിയടങ്ങിയ കിറ്റ് ലേലത്തില്‍ വെക്കാനൊരുങ്ങുകയാണ് ഇരുവരും.

ഇന്നലെ വൈകീട്ട് നടത്തിയ ഇന്‍സ്റ്റഗ്രാം ചാറ്റ് ഷോയിലാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. പരമാവധി ആളുകള്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനാണ് ധന സമാഹരണം. എന്തുവന്നാലും ആര്‍.സി.ബി വിടില്ലെന്ന് കോഹ്ലി പറഞ്ഞു. 2011 മുതല്‍ കോഹ്ലിയും ഡിവില്ലിയേഴ്‌സും ബാംഗ്ലൂര്‍ ടീമില്‍ ഒരുമിച്ചാണ്.

2016ല്‍ നാല് സെഞ്ച്വറികളടക്കം 973 റണ്‍സ് വാരിക്കൂട്ടിയ കോഹ്ലി ഐ.പി.എല്‍ ചരിത്രത്തില്‍ ഒരുസീസണില്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ചാറ്റിനിടെ ഇന്ത്യ- ദക്ഷിണാഫ്രിക്ക താരങ്ങള്‍ ഉള്‍കൊള്ളുന്ന ഏകദിന ടീമിനെയും ഇരുവരും തെരഞ്ഞെടുത്തു. ടീമിന്െറ നായകന്‍ എം.എസ്. ധോണിയേയും പരിശീലകനായി ഗാരി കേഴ്സ്റ്റനേയുമാണ് തെരഞ്ഞെടുത്തത്.

Top