ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ വെടിക്കെട്ട്; ഡെവിള്‍സിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ്

abd4

ബെംഗളൂരു: എബിഡി വില്ലിയേഴ്‌സിന്റെ കരുത്തില്‍ ആറു വിക്കറ്റിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പരാജയപ്പെടുത്തി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. 12 പന്ത് ബാക്കിനില്‍ക്കെ ആറു വിക്കറ്റിനാണ് ബെംഗളൂരുവിന്റെ വിജയം.

കേവലം 39 പന്തില്‍നിന്നാണ് എബി ഡി 90 റണ്‍സ് അടിച്ചെടുത്തത്. രണ്ടിന് 29 എന്ന നിലയില്‍നിന്ന് പതറിയ ബാംഗ്ലൂരിനെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പം (30) ആഞ്ഞടിച്ച എബി മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. കോഹ്ലിയും ആന്‍ഡേഴ്‌സണും (15) അടുത്തടുത്ത് പുറത്തായിട്ടും മന്‍ദീപ് സിംഗിനെ (17) കൂട്ടുപിടിച്ച് എബി ഡി വിജയം അനായാസം അടിച്ചെടുക്കുകയായിരുന്നു. പത്ത് ഫോറും അഞ്ചു സിക്സും ഡിവില്ലിയേഴ്സിന്റെ ബാറ്റില്‍ നിന്ന് പിറന്നു. വിരാട് കോലി 30 റണ്‍സെടുത്ത് പുറത്തായി.

വോഹ്റ പുറത്തായതിന് പിന്നാലെ ഡികോക്ക് റണ്‍ഔട്ടില്‍ ക്രീസ് വിട്ടത് ബെംഗളൂരുവിനെ പ്രതിസന്ധിയിലാക്കിയിരുന്നു. 29 റണ്‍സിനിടെയാണ് ഓപ്പണര്‍മാര്‍ പുറത്തായത്. എന്നാല്‍ പിന്നീട് അധികം പരുക്കേല്‍ക്കാതെ ബെംഗളൂരു വിജയിക്കുകയായിരുന്നു.

ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണെടുത്തത്. 23 റണ്‍സെടുക്കുന്നതിനിടയില്‍ ജേസണ്‍ റോയിയേയും ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനേയും നഷ്ടപ്പെട്ട ഡല്‍ഹിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശ്രേയസ് അയ്യരും ഋഷഭ് പന്തുമാണ്. ശ്രേയസ് 31 പന്തില്‍ 52 റണ്‍സടിച്ചു. അതേസമയം ആറു ഫോറിന്റേയും ഏഴ് സിക്സിന്റേയും അകമ്പടിയോടെ ഋഷഭ് 48 പന്തില്‍ 85 റണ്‍സ് നേടി.

Top