വളര്‍ത്തുമൃഗങ്ങളെ തെരുവിലും, റെയില്‍വെ ട്രാക്കുകളിലുമെല്ലാം ഉപേക്ഷിക്കുന്നത് മനുഷ്യരുടെ പതിവ് ഏര്‍പ്പാടാണ്. കുറച്ച് നാള്‍ വളര്‍ത്തി പരിപാലിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഈ ക്രൂരത ചിലര്‍ കാണിക്കുന്നത്. ഇങ്ങനെ ഉപേക്ഷിക്കുന്നവയില്‍ ചിലത് ജീവന്‍ പിടിച്ചുനില്‍ക്കുമ്പോള്‍ മറ്റുള്ളവ ചത്തൊടുങ്ങും. ചെന്നൈയില്‍ പാര്‍ക്ക് ടൗണില്‍ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട ഒരു തെരുവ് നായ ഇപ്പോള്‍ യാത്രക്കാരുടെയും, റെയില്‍വെ പോലീസിന്റെയും താരമാണ്.
റെയില്‍വെ ട്രാക്കുകളില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് നേരെ കുരയ്ക്കുന്നതാണ് ഈ നായയുടെ രീതി. ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ നോക്കുകയോ, ഇറങ്ങാനോ നോക്കുന്ന യാത്രക്കാരുടെ കാര്യത്തില്‍ ഈ മിടുക്കി ജാരൂകയാണ്.
വര്‍ഷങ്ങളായി ഈ രീതിയില്‍ യാത്രക്കാരുടെയും അധികൃതരുടെയും പ്രിയങ്കരിയാണ് ഈ നായയെന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞു. ഫുട്‌ബോര്‍ഡില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് നേരെയും കുരച്ച് അപകടം ഓര്‍മ്മിപ്പിക്കും. പൊതുജനങ്ങള്‍ക്ക് സഹായകമായ രീതിയിലാണ് നായ സ്റ്റേഷനില്‍ സേവനം നല്‍കിവരുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.
യാത്രക്കാര്‍ക്ക് യാതൊരു പ്രശ്‌നവും ഇത് സൃഷ്ടിക്കുന്നുമില്ല. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഓഫീസര്‍മാര്‍ക്കൊപ്പമാണ് നായയുടെ നടപ്പ്. ഇവര്‍ പട്രോളിംഗിന് ഇറങ്ങുമ്പോള്‍ മിടുക്കിയും സേവനസന്നദ്ധയാകും. റെയില്‍വെ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാര്‍ഡിലും ഈ സവിശേഷ കഥ പങ്കുവെച്ചിട്ടുണ്ട്. ‘ചിന്ന പൊണ്ണ്’ എന്നാണ് നായയ്ക്ക് പേരിട്ടിരിക്കുന്നത്.