കയ്‌റോ: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചത് ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ കുറ്റകൃത്യമാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്.
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള യുഎസിന്റെ തീരുമാനം രാജ്യാന്തര നിയമത്തിന്റെ ലംഘനമാണ്. ജറുസലം എല്ലായ്‌പ്പോഴും പലസ്തീന്റെ തലസ്ഥാനമായിരിക്കുമെന്നും തുര്‍ക്കിയില്‍ അടിയന്തരമായി ചേര്‍ന്ന മുസ്ലിം നേതാക്കളുടെ യോഗത്തില്‍ അബ്ബാസ് അറിയിച്ചു.
അമേരിക്കന്‍ നഗരമെന്നപോലെയാണു യുഎസ് ജറുസലമിനെ എടുത്തു ഇസ്രയേലിനു നല്‍കിയത്. എല്ലാ നിയമങ്ങളും യുഎസ് മറികടന്നു. ‘സയണിസ്റ്റ് മൂവ്‌മെന്റിന്’ ഒരു സമ്മാനം എന്ന നിലയിലാണു ട്രംപ് ജറുസലം വിഷയത്തില്‍ തീരുമാനം എടുത്തത്. മധ്യപൂര്‍വേഷ്യയിലെ സമാധാനശ്രമങ്ങളില്‍ ഇസ്രയേലിനു അനുകൂലമായി യുഎസ് ഇടപെടുന്നത് അംഗീകരിക്കാനാകില്ല. ജറുസലേം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കാതെ ഒരു സമാധാനവും സ്ഥിരതയും മധ്യപൂര്‍വേഷ്യയില്‍ ഉണ്ടാകില്ലെന്നും അബ്ബാസ് വ്യക്തമാക്കി.
അമ്പതോളം മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള നേതാക്കന്‍മാരും മന്ത്രിമാരും ഇസ്താംബൂളിലെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു