തിരുവനന്തപുരം: ഹരിതയിലെയും, എം.എസ്.എഫിലെയും ലീഗിലെയും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ലീഗിനറിയാമെന്ന് മുന്‍ മന്ത്രി പികെ അബ്ദുറബ്ബ് വ്യക്തമാക്കി. കുഴല്‍പ്പണക്കടത്തും സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും കരുവന്നൂര്‍ ബേങ്ക് തട്ടിപ്പു മരം മുറിയും, കൊവിഡ് നിയന്ത്രണം കൈവിട്ടു പോയതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ലീഗിന് നേരെ മാദ്ധ്യമശ്രദ്ധ തിരിച്ചുവിട്ടതുകൊണ്ട് കഴിയില്ലെന്ന് അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഹരിതയിലെയും, എം.എസ്.എഫിലെയും ലീഗിലെയും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ലീഗിനറിയാം.
ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ലീഗിന് മരുന്നെഴുതുന്ന ചാനല്‍ ജീവികളുടെയും, ദിവസവും മൂന്നു വീതം ലീഗ് വിരുദ്ധ പോസ്റ്റിടുന്ന മേസ്തിരിക്കൊച്ചാപ്പമാരുടെയും, സൗജന്യ ഉപദേശങ്ങളൊന്നും ലീഗ് പാര്‍ട്ടിക്കു വേണ്ട.
ലീഗിനു നേരെ മാധ്യമശ്രദ്ധ തിരിച്ചുവിട്ടാല്‍ കുഴല്‍പ്പണക്കടത്തും, സ്വര്‍ണക്കടത്തും, ഡോളര്‍ കടത്തും, കരുവന്നൂര്‍ ബേങ്ക് തട്ടിപ്പും,മരം മുറിയും, കോവിഡ് നിയന്ത്രണം കൈവിട്ടു പോയതും,
എ.എം. ആരിഫ് എം.പി ഉന്നയിച്ച അരൂരിലെ ദേശീയപാത അഴിമതിയും, ഓണക്കിറ്റിലേക്ക് ഏലയ്ക്കാ വാങ്ങിയതില്‍ കയ്യിട്ട് വാരിയതും, എന്തിനേറെ പ്ലസ് വണ്‍ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട വെട്ടിച്ചുരുക്കിയതുമടക്കം എല്ലാത്തില്‍ നിന്നും രക്ഷപ്പെടാമെന്നാണോ സര്‍ക്കാര്‍ കരുതുന്നത്.
ലീഗിനെതിരെ വാര്‍ത്തകള്‍ പടച്ചുണ്ടാക്കി എത്ര എരിവും മസാലയും ചേര്‍ത്താലും കേരളമിതൊന്നും മറക്കില്ല സഖാക്കളേ..
‘ലീഗിതാ തീര്‍ന്ന്’ എന്നും കരുതി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന എല്ലാവരോടുമാണ്…
ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട.