‘മുസ്ലിം ലീഗ് യുഡിഎഫിന്റെ ഉറച്ച ഭാഗം ആണെന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട’: സമദാനി

കോഴിക്കോട്: മുസ്ലിം ലീഗ് യുഡിഎഫിന്റെ ഉറച്ച ഭാഗം ആണെന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്ന് അബ്ദു സമദ് സമദാനി എംപി. ലീഗ് എന്നും യുഡിഎഫിന്റെ ഭാഗമായിരിക്കുമെന്ന് സമദാനി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ലീഗിലെ അണികളും നേതാക്കളും സ്വീകരിക്കുന്നത് പാര്‍ട്ടി നിലപാടാണ്. അണികള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് നോക്കി തന്നെയാണ് നേതൃത്വം തീരുമാനം എടുക്കുന്നതെന്നും സമദാനി പറഞ്ഞു.

മൂന്നാം സീറ്റ് നല്‍കാതിരിക്കാന്‍ കാരണം കോണ്‍ഗ്രസിന്റെ ആര്‍എസ്എസ് മനസാണെന്ന ഇപിയുടെ പരാമര്‍ശത്തോടും സമദാനി പ്രതികരിച്ചു. ഇപിയുടെ പരാമര്‍ശം തെറ്റാണ്. ഇത്തരം പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് തകരാന്‍ ആഗ്രഹിക്കുന്ന ബിജെപിയെയാണ് സഹായിക്കുക. ബിജെപിക്കെ തിരായ പോരാട്ടം നയിക്കുന്ന ഇന്ത്യാ മുന്നണിയെ നയിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് മറക്കരുതെന്നും സമദാനി പറഞ്ഞു. പൊന്നാനിയില്‍ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ്. ഇടത് സ്ഥാനാര്‍ഥി കെ എസ് ഹംസ മുന്‍ സഹപ്രവര്‍ത്തകന്‍ ആണെന്നത് വിഷയമല്ല. സ്വന്തം നാട്ടില്‍ മത്സരിക്കുന്നു എന്നത് പോസിറ്റീവ് ഘടകമാണ്. യുഡിഎഫിന് അനുകൂല രാഷ്ട്രീയ അന്തരീക്ഷമാണ് പൊന്നാനിയില്‍ ഉള്ളതെന്നും സമദാനി പറഞ്ഞു.

Top