മലപ്പുറം: മുസ്ലീം ലീഗ് – യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ യോഗത്തില്‍ കേരള ബാങ്ക് ഡയറക്ടറും, വള്ളിക്കുന്ന് എംഎല്‍എയുമായ പി.അബ്ദുല്‍ ഹമീദിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ഏറ്റെടുത്തതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.
നിരവധി പദവികള്‍ വഹിക്കുന്ന പി.അബ്ദുള്‍ ഹമീദ് പാര്‍ട്ടി പദവികള്‍ രാജിവെക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് വേണ്ടി കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത തനിക്കെതിരെ വ്യക്തിപരമായ വേട്ടയാടല്‍ നടക്കുന്നതായി അബ്ദുള്‍ ഹമീദ് യോഗത്തില്‍ പരാതിപ്പെട്ടു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി, സ്ഥാനമേറ്റെടുത്തതിനെതിരെ പ്രമേയം പാസാക്കിയതായി യോഗത്തില്‍ അറിയിച്ചു.
പാണക്കാട് സാദിഖലി തങ്ങളുടെ അനുമതിയോടെയാണ് പി.അബ്ദുല്‍ ഹമീദ് കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞു. സംസ്ഥാന തലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തതില്‍ പ്രശ്‌നങ്ങളില്ലെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും പികെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ വ്യക്തമാക്കി.