നീതി നിഷേധമാണ് അബ്ദുല്‍ നാസര്‍ മഅ്ദനി അനുഭവിക്കുന്നതെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍

അബൂദാബി : തുല്യതയില്ലാത്ത നീതി നിഷേധമാണ് ഒരു വിചാരണ തടവുകാരനായി അബ്ദുല്‍ നാസര്‍ മഅ്ദനി അനുഭവിക്കുന്നതെന്ന് മുന്‍ പാര്‍ലമന്റെംഗവും മാധ്യമ-സാമൂഹിക നിരീക്ഷകനുമായ ഡോ. സെബാസ്റ്റിയന്‍ പോള്‍.

പത്തുവര്‍ഷത്തെ കൊടുംതടവിനുശേഷം നിരപരാധിയാണെന്ന് ബോധ്യപ്പെട്ട് വിട്ടയച്ച ഒരു മനുഷ്യനോട് ഭരണകൂടം ഇപ്പോല്‍ കാണിക്കുന്ന അനീതിക്കെതിരെ പൊതുജനരോഷം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നീതി നിഷേധിക്കപ്പെട്ട് ജയിലറകള്‍ക്കുള്ളില്‍ ജീവിതം തള്ളിനീക്കുന്ന നൂറുകണക്കിനാളുകളുടെ മോചനത്തിനുവേണ്ടി രംഗത്തിറങ്ങുന്നതിന് ജാതിയും മതവും രാഷ്ട്രീയവും നമുക്ക് തടസ്സമായിക്കൂടെന്നും ഡോ. സെബാസ്റ്റിയന്‍ പോള്‍ വ്യക്തമാക്കി.

‘അനീതിയുടെ വിലങ്ങഴിക്കൂ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി അബൂദബി പി.സി.എഫ് സംഘടിപ്പിച്ച മഅ്ദനി ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.എ.പി.എ ദുരുപയോഗത്തിന്റെ വലിയ ഉദാഹരണമാണ് കേരളത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കുനേരെ ഈയിടെ പ്രയോഗിച്ചതിലൂടെ നാം കണ്ടത്.
ഭരിക്കുന്നവര്‍ക്കുപോലും തീരുമാനം എടുക്കാന്‍ കഴിയാതെ ആയിരിക്കുന്നു എന്നത് ഈ നിയമത്തിന്റെ ഭീകരതയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top