ഇനി കല്യാണം കൂടാം ; മഅദനിക്ക് സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍നാസര്‍ മഅ്ദനിക്ക് സുപ്രീംകോടതിയുടെ അനുമതി.

ആഗസ്ത് ഏഴ് മുതല്‍ 14 വരെയാണ് കോടതി അനുമതി നല്‍കിയത്. ഈ കാലയളവിലെ സുരക്ഷാ ചെലവ് മഅ്ദനി തന്നെ വഹിക്കണം.

വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.

അടിയന്തിരമായി വാദം കേള്‍ക്കണമെന്ന മഅദനിയുടെ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

കീഴ്‌ക്കോടതി നീതി നിഷേധിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

രോഗബാധിതരായ മാതാപിതാക്കളെ കാണുന്നതിനായി അടുത്ത മാസം ഒന്ന് മുതല്‍ ആറ് വരെ കേരളത്തില്‍ കഴിയാന്‍ പ്രത്യേക എന്‍ഐഎ കോടതി അനുമതി നല്‍കിയിരുന്നു.

എന്നാല്‍ ഒമ്പതിന് നടക്കുന്ന മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല. ജാമ്യത്തില്‍ ഇളവ് മാത്രമാണ് ചോദിച്ചതെന്നും വിവാഹത്തില്‍ പങ്കെടുത്തു കൊണ്ട് വിചാരണ നടപടികളെ അത് ഒരിക്കലും ബാധിക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top