ശക്തമായ മത്സരം നടക്കുന്ന പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ പി.ഡി.പി ഇടതുമുന്നണിയുടെ വോട്ടുചോര്‍ത്തുമെന്ന് ആശങ്ക. രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പൂന്തുറ സിറാജ് പിടിക്കുന്ന വോട്ടുകള്‍ ഇടതുപക്ഷത്തിന്റെ സാധ്യത തകര്‍ക്കുമോ എന്നതാണ്. പൂന്തുറ സിറാജിനെ പിന്‍വലിപ്പിക്കാനുള്ള അണിയറ നീക്കവും ഇവിടെ നടക്കുന്നുണ്ട്. 2004ല്‍ പൊന്നാനിയില്‍ 47,720 വോട്ടാണ് പി.ഡി.പി പിടിച്ചത്. പൊന്നായിലെ പി.ഡി.പിയുടെ ഈ കരുത്താണ് 2009ലെ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി സഖ്യം ചേര്‍ന്ന് പൊന്നാനിയില്‍ അബ്ദുല്‍നാസര്‍ മഅദനിയുമായി പിണറായി വിജയന്‍ വേദി പങ്കിടുന്നതില്‍ എത്തിച്ചത്.
കാന്തപുരത്തിന്റെ സ്ഥാനാര്‍ത്ഥിയായ ഡോ. ഹുസൈന്‍ രണ്ടത്താണിയെ ഇടതു സ്വതന്ത്രനായി ഇറക്കിയിട്ടും പൊന്നാനിയിലെ എല്‍.ഡി.എഫ്- പി.ഡി.പി സഖ്യപരീക്ഷണം പരാജയപ്പെടുകയായിരുന്നു. പൊന്നാനിയില്‍ ഹുസൈന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തി മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ്ബഷീര്‍ 82,684 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു. പിന്നീട് സി.പി.എമ്മിന്റെ പി.ഡി.പി ബാന്ധവം പാര്‍ട്ടി തള്ളിക്കളയുകയും ചെയ്തു.
2014ല്‍ പൊന്നാനിയില്‍ പി.ഡി.പി മത്സരിക്കാതെ ഇടതുപക്ഷത്തിന് പിന്തുണ നല്‍കുകയായിരുന്നു. ഇ.ടി മുഹമ്മദ്ബഷീറിനെതിരെ മത്സരിച്ച തിരൂരിലെ പഴയ കോണ്‍ഗ്രസ് നഗരസഭ വൈസ് ചെയര്‍മാന്‍ വി. അബ്ദുറഹിമാന് ഇ.ടിയുടെ ഭൂരിപക്ഷം 25410 ആയികുറക്കാന്‍ കഴിഞ്ഞു. നിലമ്പൂരില്‍ അട്ടിമറി വിജയം നേടിയ പി.വി അന്‍വറിനെയാണ് കോണ്‍ഗ്രസ് വോട്ടുകള്‍ ലക്ഷ്യമിട്ട് ഇടതുപക്ഷം നിലവില്‍ പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
ഇത്തവണ പി.ഡി.പി മത്സരിച്ചാല്‍ ഇടതുപക്ഷത്തിന് ലഭിച്ച അവരുടെ വോട്ടുകള്‍ നഷ്ടമാകും. മഅദനിക്ക് ശക്തമായ ജനപിന്തുണയുള്ള മണ്ഡലമാണ് പൊന്നാനി. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പതു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം കുറ്റവിമുക്തനാക്കപ്പെട്ട മഅദനിയെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍പെടുത്തിയാണ് വീണ്ടും 2010ല്‍ കര്‍ണാടക പരപ്പന അഗ്രഹാര ജയിലിലടച്ചത്. കടുത്ത പ്രമേഹരോഗം മൂലം കാഴ്ചശക്തിപോലും ഭാഗികമായി നഷ്ടപ്പെട്ട് ജാമ്യത്തില്‍ ബാംഗ്ലൂരില്‍ ചികിത്സയിലാണ് മഅദനി. നഗരത്തിന് പുറത്തുപോകണമെങ്കില്‍പോലും കോടതിയുടെ അനുമതി വേണം. മഅദനി വിഷയത്തില്‍ അനുകൂല നിലപാടെടുത്ത നേതാവാണ് ഇ.ടി മുഹമ്മദ്ബഷീര്‍. മഅദനിയെ അദ്ദേഹം ജയിലില്‍ സന്ദര്‍ശിക്കുകയും മോചിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പൊന്നാനിയില്‍ മഅദനി മത്സരിക്കണമെന്ന പി.ഡി.പിയുടെ ആവശ്യം മഅദനി നിരാകരിക്കുകയായിരുന്നു. മഅദനിയുടെ നീതിനിഷേധം പ്രചരണായുധമാക്കിയാല്‍ പൊന്നാനിയില്‍ അരലക്ഷത്തോളം വോട്ടുപിടിക്കാനാവുമെന്നാണ് പി.ഡി.പി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എസ്.ഡി.പിയുടെ പിറവിയോടെ പി.ഡി.പി വോട്ടുബാങ്കില്‍ കാര്യമായ വിള്ളലുണ്ടായിട്ടുണ്ട്. എങ്കിലും പി.ഡി.പി സ്ഥാനാര്‍ത്ഥിയുണ്ടാകുന്നത് പൊന്നാനിയില്‍ ഇടതുപക്ഷത്തിനായിരിക്കും തിരിച്ചടിയാവുക.
ആര്‍.എസ്.എസിനു എതിരെ ഐ.എസ്.എസുണ്ടാക്കിയ അബ്ദല്‍നാസര്‍ മഅദനിയുടെ പ്രഭാഷണങ്ങള്‍ പൊന്നാനിയില്‍ പതിനായിരങ്ങളെയാണ് മുന്‍പ് ആകര്‍ഷിച്ചിരുന്നത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഐ.എസ്.എസ് നിരോധിക്കപ്പെട്ടതോടെയാണ് 1993ല്‍ ‘അവര്‍ണന് അധികാരം പീഢിതര്‍ക്ക് മോചനം’ എന്ന മുദ്രാവാക്യവുമായി മഅദനി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരില്‍ പി.ഡി.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്.ഒറ്റപ്പാലം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പിലും മഅദനിയാണ് യു.ഡി.എഫിന്റെ കനത്ത പരാജയത്തിന് കാരണമായത്.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട് ജയില്‍മോചിതനായ മഅദനി 2009 തിലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു വേണ്ടി കേരളയാത്രയും നടത്തിയിരുന്നു. എന്നാല്‍ മഅദനിയുടെ പ്രചരണവും എല്‍.ഡി.എഫിന് തുണയായിരുന്നില്ല.
2004ല്‍ യു.ഡി.എഫിനെ പൊന്നാനി എന്ന ഒറ്റ സീറ്റിലൊതുക്കി കോണ്‍ഗ്രസിന് സമ്പൂര്‍ണ്ണ പരാജയം സമ്മാനിച്ച ഇടതുപക്ഷത്തിന് 2009 തിരിച്ചടിയുടെ തെരഞ്ഞെടുപ്പായിരുന്നു. 16 സീറ്റിലും വിജയിച്ച് കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി തിരിച്ചുവരികയായിരുന്നു. എങ്കിലും മഅദനിക്കെതിരായ നീതി നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധം പൊന്നാനിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സഹതാപം പൂന്തുറ സിറാജിന് വോട്ടായി മാറിയാല്‍ അത് പൊന്നാനിയിലെ ജനവിധിയില്‍ നിര്‍ണായകമാകും.