ലീഗിന് പരിഭ്രാന്തി, മാപ്പു കൊണ്ട് തീരില്ല, അടിത്തറ തകർക്കാൻ സി.പി.എം . . .

മുസ്ലീംലീഗ് എന്ന പാര്‍ട്ടിക്കുപ്പോള്‍ ആകെ ഹാലിളകിയ മട്ടാണ്. സമനില തെറ്റിയ ആളെ പോലെയാണിപ്പോള്‍ ലീഗ് നേതാക്കള്‍ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ കോഴിക്കോട് കടപ്പുറത്ത് മുസ്ലിംലീഗ് നടത്തിയ പ്രതിഷേധയോഗത്തിലും അതു പ്രകടമാണ്. ഈ യോഗത്തില്‍ സംസാരിച്ച മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി മാന്യത വിട്ട പ്രതികരണമാണ് നടത്തിയിരിക്കുന്നത്. മുസ്ലീം ലീഗിന്റെ വോട്ട് ബാങ്കായ സമസ്ത നേതൃത്വം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരത്തില്‍ നിന്നും പിന്‍വാങ്ങിയതാണ് ഈ ലീഗ് നേതാവിനെയും ചൊടിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ കൂടിയായ മന്ത്രി റിയാസിനെയാണ് ഈ ‘പക’ മനസ്സില്‍വച്ച് അബ്ദുറഹിമാന്‍ കടന്നാക്രമിച്ചിരിക്കുന്നത്. ‘റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും, ഇത് പറയാന്‍ തന്റേടം വേണമെന്നുമാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്. ‘ഇങ്ങനെ പറയാന്‍, സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണമെന്ന് ‘ പറയുന്ന അബ്ദുറഹിമാന്‍ അദ്ദേഹത്തിന്റെ ”നട്ടെല്ല് ” തകരാതെ നോക്കുന്നതാണ് നല്ലത്. അത്യന്തം പ്രകോപനപരമായ പ്രതികരണമാണിത്. മുഖ്യമന്ത്രി പിണറായി വിജയനോടും മന്ത്രി മുഹമ്മദ് റിയാസിനോടും ദേഷ്യം ഉണ്ടെങ്കില്‍ അത് ഇങ്ങനെയല്ല പ്രകടിപ്പിക്കേണ്ടത്.

രാഷ്ട്രീയമായ എതിര്‍പ്പിനെ രാഷ്ട്രീയമായി തന്നെയാണ് നേരിടേണ്ടത്. അതല്ലാതെ എന്തും വിളിച്ചു പറയാമെന്ന് കരുതിയാല്‍ പ്രത്യാഘാതവും ഗുരുതരമായിരിക്കും. മാപ്പു പറഞ്ഞതു കൊണ്ട് മാത്രം തീരുന്ന പ്രശ്‌നമല്ല അത്. എന്തടിസ്ഥാനത്തിലാണ് ഇത്തരം ഒരു പരാമര്‍ശം ലീഗ് നേതാവ് നടത്തിയതെന്നതിനു ഇനി മറുപടി പറയേണ്ടത് ലീഗ് നേതൃത്വം തന്നെയാണ്. മുതിര്‍ന്ന നേതാക്കളെ വേദിയില്‍ ഇരുത്തിയാണ് അബ്ദുറഹിമാന്‍ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് നിന്നാലും, ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ലെന്നു പറയുന്ന ഈ ലീഗ് നേതാവിന്റെ വാക്കുകളില്‍ തന്നെ പ്രകോപനത്തിന്റെ കാരണവും വ്യക്തമാണ്.

മുസ്ലീം ലീഗ് എന്ന പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ നിന്നടക്കം നിരവധി പ്രവര്‍ത്തകരാണ് സി.പി.എമ്മില്‍ ചേര്‍ന്നു കൊണ്ടിരിക്കുന്നത്. മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ പോകുന്നവര്‍ മതത്തില്‍ നിന്നും അകലുകയാണെന്ന വിചിത്ര വാദവും ലീഗിപ്പോള്‍ ഉയര്‍ത്തുന്നുണ്ട്. കോഴിക്കോട്ടെ പ്രതിഷേധ യോഗത്തില്‍ സംസാരിച്ച കെ.എം ഷാജിയും ഇക്കാര്യം തന്നെയാണ് ആവര്‍ത്തിച്ചിരിക്കുന്നത്. തലശ്ശേരിയിലും പൊന്നാനിയിലും കൊടുങ്ങല്ലൂരിലും മുസ്ലീംലീഗ് അണികള്‍ ചെങ്കൊടി പിടിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ലീഗ് നേതാവിന്റെ ഈ പ്രതികരണം. ഇവിടെ കെ.എം ഷാജി ഉള്‍പ്പെടെയുള്ള ലീഗ് നേതൃത്വം മറന്നു പോയിരിക്കുന്നത് പഴയ കാലഘട്ടമല്ല ഇതെന്നതാണ്.

എന്തു വിവരങ്ങളും വിരല്‍ തുമ്പില്‍ ലഭിക്കുന്ന പുതിയ കാലത്ത് ഇത്തരം പ്രചരണങ്ങള്‍ക്കെല്ലാം അല്പായുസ്സ് മാത്രമാണ് ഉണ്ടാകുക. എന്താണ് ഇടതുപക്ഷമെന്നതും എന്താണ് വലതുപക്ഷമെന്നതും ശരിക്കും അറിയാവുന്ന ഒരു ജനത തന്നെയാണ് ഇവിടെയുള്ളത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ക്കെതിരെ കമ്യൂണിസ്റ്റുകള്‍ നടത്തിയ പോരാട്ടമൊന്നും ഒരു ലീഗും ഈ മണ്ണില്‍ നടത്തിയിട്ടില്ല. സംഘപരിവാറിന്റെ കണ്ണിലെ പ്രധാന കരട് സി.പി.എമ്മാണ്. അതല്ലാതെ മുസ്ലീംലീഗല്ല. മുസ്ലീം സംഘടനകളും അല്ല. പ്രത്യായ ശാസ്ത്രപരമായ പകയാണത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ഏറ്റവും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതും ഇടതുപക്ഷമാണ്. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഇടതുപക്ഷം തീര്‍ത്ത മനുഷ്യ ശൃംഖല ഒരു ചരിത്ര സംഭവവം തന്നെയാണ്. ഈ പ്രതിഷേധ സമരത്തെ പരാജയപ്പെടുത്താനാണ് മുസ്ലീംലീഗും കോണ്‍ഗ്രസ്സും ശ്രമിച്ചിരുന്നത്. എന്നാല്‍ മനുഷ്യ ശൃംഖലയില്‍ പങ്കെടുക്കുന്നതില്‍ നിന്നും സ്വന്തം അണികളെ പോലും തടഞ്ഞു നിര്‍ത്താന്‍ ഈ പാര്‍ട്ടികള്‍ക്കു കഴിഞ്ഞിരുന്നില്ല.

അണികളെ പിടിച്ചു നിര്‍ത്താന്‍ മനുഷ്യ ശൃംഖലക്ക് ‘ബദലായി’ യു.ഡി.എഫ് സൃഷ്ടിച്ച മനുഷ്യ ഭൂപടവും വെറും ‘പട’മായാണ് മാറിയിരുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്തു തന്നെ ഏറ്റവും അധികം ജനങ്ങള്‍ അണിനിരന്ന പ്രതിഷേധമായാണ് മനുഷ്യശൃംഖല മാറിയിരുന്നത്. ഈ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയതും കേരള നിയമസഭയാണ്. മമതയുടെ ബംഗാളിനും കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും പിന്നീട് പിന്തുടരേണ്ടി വന്നതും ഈ കേരള മാതൃക തന്നെയാണ്.

ആര്‍.എസ്.എസ് നേതാവ് മുന്‍പ് തലക്ക് ഇനാം പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് ഇന്നു കേരളം ഭരിക്കുന്നത്. കേരളത്തിനു പുറത്ത് സംഘപരിവാര്‍ സംഘടനകള്‍ ‘ഊരു വിലക്ക് ‘ ഏര്‍പ്പെടുത്തിയ ഏക മുഖ്യമന്ത്രിയും പിണറായി വിജയനാണ്. സകല കേന്ദ്ര മന്ത്രിമാരെയും ബി.ജെ.പിക്കാരായ മുഖ്യമന്തിമാരെയും അണി നിരത്തി ബി.ജെ.പി ഒരു സംസ്ഥാന ഭരണകൂടത്തിനെതിരെ മാര്‍ച്ച് നടത്തിയതും ഇടതുപക്ഷം ഭരിക്കുമ്പോഴാണ്. കാവിയും ചുവപ്പും തമ്മിലുള്ള ഈ പകയുടെ ആഴമൊന്നും ലീഗുകാര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകുകയില്ല. അഥവാ മനസ്സിലായാല്‍ പോലും അവര്‍ വകവച്ചു തരികയുമില്ല. ”പൊട്ടക്കിണറ്റില്‍ വീണ തവളകളെ പോലെ” മലപ്പുറവും അതിന് സമീപമുള്ള ചില പ്രദേശങ്ങളുമാണ് അവര്‍ക്കിപ്പോഴും ലോകം.

അവരുടെ ആ ലോകത്തു പോലും ചെങ്കൊടി ഇപ്പോള്‍ വിള്ളല്‍ ഉണ്ടാക്കിയിരിക്കുകയാണ്. ലീഗ് നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നതും ഇതു തന്നെയാണ്. മുസ്ലീംലീഗ് വോട്ടു ബാങ്കായ സമസ്ത പള്ളി സമരത്തില്‍ നിന്നും പിന്‍വാങ്ങിയത് അപ്രതീക്ഷിത പ്രഹരമാണ് ലീഗിനുണ്ടാക്കിയിരിക്കുന്നത്. വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സമസ്ത നേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പും മുസ്ലീംലീഗിന്റെ സമുദായ ആധിപത്യത്തില്‍ വിള്ളലുണ്ടാക്കിയ സംഭവമാണ്.

ലീഗിന് വിശ്വാസമില്ലാത്ത മുഖ്യമന്ത്രിയെ, സമസ്തക്ക് വിശ്വാസമാണ് എന്നു തുറന്നു പറയാനും സമസ്ത നേതൃത്വം ഇതിനകം തന്നെ തയ്യാറായിട്ടുണ്ട്. തങ്ങളുടെ അടിത്തറയാണ് ഇളകുന്നത് എന്ന പരിഭ്രാന്തി മുസ്ലീംലീഗില്‍ ശക്തമായതും ഇതോടെയാണ്. അതു കൊണ്ടാണ് സമനിലതെറ്റിയവരെ പോലെ ലീഗ് നേതാക്കള്‍ ഇപ്പോള്‍ പെരുമാറി കൊണ്ടിരിക്കുന്നത്. ബി.ജെ.പിയെ അല്ല സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ് പ്രധാന ശത്രുവായി മുസ്ലീംലീഗ് പ്രഖ്യാപിച്ചിരിക്കുന്നത്. കടന്നാക്രമണത്തിനായി എന്തും വിളിച്ചു പറയാമെന്നതാണ് ആ പാര്‍ട്ടിയുടെ പുതിയ നിലപാട്. ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയുടെ പ്രതികരണവും ഇതിന്റെ ഭാഗം തന്നെയാണ്.

EXPRESS KERALA VIEW

Top