കോഴിക്കോട്: ഐഎന്‍എല്ലിലെ പരസ്യ പോര് ദൗര്‍ഭാഗ്യകരമെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബ്. എതിര്‍ വിഭാഗവുമായി ചര്‍ച്ചക്ക് തയ്യാറാണ്. തങ്ങള്‍ സമവായത്തിന് സന്നദ്ധരാണ്. ഒന്നിച്ച് മുന്നോട്ട് പോകണമെന്നാണ് താത്പര്യമെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.
കൂട്ടത്തല്ലിനും പിളര്‍പ്പിനും പിന്നാലെയാണ് ഐഎന്‍എല്ലില്‍ ഇപ്പോള്‍ സമവായ നീക്കം. ഇടഞ്ഞുനില്‍ക്കുന്ന അബ്ദുള്‍ വഹാബുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് ആയിരുന്നു കൂടിക്കാഴ്ച. എല്ലാവരും ഒരുമിച്ചുപോകണമെന്നാണ് ആഗ്രഹമെന്ന് ചര്‍ച്ചയ്ക്ക് പിന്നാലെ മന്ത്രി പറഞ്ഞു. നാലുമണിക്ക് അബ്ദുള്‍ വഹാബുമായി കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ച നടത്തും.
ലോക്ക്ഡൗണ്‍ ദിനമായ ഞായറാഴ്ച രാവിലെ കൊച്ചിയിലുണ്ടായ തമ്മിലടിക്ക് പിന്നാലെയാണ് ഐഎന്‍എല്‍ പിളര്‍ന്നത്. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസര്‍ കോയ തങ്ങളെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതായും പ്രസിഡന്റ് അബ്ദുള്‍ വഹാബ് അറിയിക്കുകകയായിരുന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നും പാര്‍ട്ടിയുടെ അഖിലേന്ത്യ അധ്യക്ഷന്റേതാണ് ഈ തീരുമാനമെന്നും ജനറല്‍ സെക്രട്ടറി കാസീം ഇരിക്കൂര്‍ വ്യക്തമാക്കി.
ഇന്നുചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഐഎന്‍എല്‍ തമ്മില്‍ പോര് ചര്‍ച്ചയാകും. ഐഎന്‍എല്‍ തര്‍ക്കത്തില്‍ യോജിച്ച് പോകണമെന്ന സിപിഎം നിര്‍ദ്ദേശം അവഗണിച്ച് പരസ്യപ്പോര് നടന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇന്നലെ അബ്ദുള്‍ വഹാബ് വിഭാഗം എകെജി സെന്ററില്‍ എത്തിയപ്പോഴും എല്‍ഡിഎഫ് കണ്‍വീനര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്നത്തെ സെക്രട്ടറിയേറ്റിന് ശേഷമാകും തുടര്‍ നടപടികള്‍.