ഓക്‌ലന്‍ഡ്(യുഎസ്): ശരീരത്തിന് താങ്ങാവുന്നതിനെക്കാള്‍ വലിയ രോഗം ബാധിച്ച് ആശുപത്രി കിടക്കയില്‍ മരണത്തോട് മല്ലിട്ട് കഴിഞ്ഞിരുന്ന അബ്ദുല്ല ഹസനെന്ന രണ്ട് വയസ്സുകാരനെ ലോകം ശ്രദ്ധിക്കുന്നത് അടുത്തിടെയാണ്. മരണക്കിടക്കയില്‍ കഴിയുന്ന മകനെ ഒന്നുകാണണം എന്ന് പറഞ്ഞ് യെമനി സ്വദേശിനി ഷൈമ സ്വിലേ ലോകത്തോട് കേണപേക്ഷിച്ചപ്പോളാണ് ഈ കുഞ്ഞ് വാര്‍ത്തയിലിടം നേടിയത്.
മുസ്ലീം ഭൂരിപക്ഷമുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസ് പ്രസിഡന്റ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കായിരുന്നു അബ്ദുള്ള ഹസനെ അമ്മയില്‍ നിന്ന് പിരിച്ചത്. യുഎസ് പൗരന്‍ അലി ഹസന്റെയും യെമന്‍ പൗരന്‍ ഷൈമ സ്വിലേയുടേയും മകനാണ് അബ്ദുള്ള. യെമനിലായിരുന്നു അലിയുടെ കുടുംബം. അവിടെ യുദ്ധം രൂക്ഷമായതോടെ ഈജിപ്തിലേക്ക് കുടിറേയി. എട്ടു മാസം പ്രായമുള്ളപ്പോഴാണ് അബ്ദുള്ളയുടെ രോഗം തിരിച്ചറിഞ്ഞത്. മൂന്നുമാസം മുമ്പാണ് കാലിഫോര്‍ണിയയില്‍ വിദഗ്ധ ചികിത്സയ്ക്കായി അബ്ദുള്ളയും അച്ഛനും എത്തിയത്.
ഓക്ലാന്‍ഡിലെ ആശുപത്രിയിലായിരുന്നു ചികിത്സ. എന്നാല്‍ കുഞ്ഞിന് അധികം ആയുസ്സില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മകനെ കാണാന്‍ അമ്മ ഷൈമയ്ക്ക് വിസ അനുമതി നല്‍കിയില്ല. വിഷയം ലോക ശ്രദ്ധ നേടിയതോടെ ഷൈമയ്ക്ക് വിസ അനുവദിച്ചു
ജനിതക തകരാറു മൂലം തലച്ചോറില്‍ ഗുരുതര രോഗം ബാധിച്ച കുഞ്ഞിനെ കാണാന്‍ യുഎസിലെത്താനും ഓക്‌ലന്‍ഡിലുള്ള ആശുപത്രി സന്ദര്‍ശിക്കാനും അമ്മ ഷൈമ സ്വിലെയ്ക്കു നിയമപോരാട്ടത്തിലൂടെ സാധിച്ചതിനു പിന്നാലെയാണു മരണം. കഴിഞ്ഞ 19ന് ഷൈമ മകന്റെയടുത്തെത്തിയിരുന്നു. ജീവന്‍രക്ഷാ സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്.