കേരളത്തിലെ അറിയപ്പെടുന്ന ഒരു വ്യവസായിയാണ് പി.വി അബുദൾ വഹാബ്. വ്യവസായിയുടെ ‘പവർ’ ഉപയോഗിച്ചു തന്നെയാണ് അദ്ദേഹം മുസ്ലീംലീഗ് ടിക്കറ്റിൽ രാജ്യസഭയിലും എത്തിയിരിക്കുന്നത്. പണത്തിന്റെ പവർ പാർട്ടിയിൽ വേണ്ടന്ന നിലപാട് തുടക്കത്തിൽ ലീഗിലെ പ്രബല വിഭാഗം സ്വീകരിച്ചിരുന്നു എങ്കിലും പാണക്കാട്ടെ തറവാടിന്റെ പിന്തുണയിൽ എതിർപ്പുകളെ മറികടന്നാണ് 2004-ൽ വഹാബിനെ രാജ്യസഭയിലേക്ക് പറഞ്ഞയിച്ചിരുന്നത്. അദ്ദേഹം ഇപ്പോഴും ആ പദവിയിൽ തന്നെ തുടരുകയുമാണ്. തന്റെ നിലപാടുകളിലൂടെ പലവട്ടം ലീഗ് നേതൃത്വത്തെ വെട്ടിലാക്കിയ ഈ എം.പി ഇപ്പോൾ വീണ്ടും ലീഗിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മോദി സർക്കാരിലെ രണ്ട് കേന്ദ്ര മന്ത്രിമാരെ പുകഴ്ത്തിയാണ് വഹാബ് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.
ബി.ജെ.പി നേതാക്കൾ കൂടിയായ വി മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയുമാണ് ലീഗ് എം.പി പ്രശംസ കൊണ്ട് മൂടിയിരിക്കുന്നത്. വി മുരളീധരന്‍ ദല്‍ഹിയിലെ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണെന്നതാണ് വഹാബിന്റെ വിലയിരുത്തൽ. കേരളത്തിന് വേണ്ടി മികച്ച രീതിയിലാണ് മുരളീധരൻ പ്രവർത്തിക്കുന്നതെന്നും കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിന് എതിരായ വി മുരളീധരന്റെ പ്രസ്താവനകളില്‍ യാഥാര്‍ത്ഥ്യമുണ്ടെന്നും അബ്ദുള്‍ വഹാബ് ചൂണ്ടിക്കാട്ടുകയുണ്ടായി. നൈപുണ്യ വികസനത്തിനായി രാജീവ് ചന്ദ്രശേഖരും കേന്ദ്ര സര്‍ക്കാരും നടപ്പാക്കുന്ന പദ്ധതികള്‍ നല്ലതാണെന്നും രാജ്യസഭയിൽ അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
കേരളത്തിന്റെ വികസനത്തിന് കേന്ദ്രമന്ത്രി വി മുരളീധരന്‍ തടസം നില്‍ക്കുന്നുവെന്ന സി.പി.എം ആരോപണത്തിനുള്ള മറുപടി കൂടിയാണ് മുസ്ലീംലീഗ് എം.പി രാജ്യസഭയിൽ നൽകിയിരിക്കുന്നത്. വഹാബിന്റെ ഈ പ്രതികരണം മുസ്ലിം ലീഗിലും കോൺഗ്രസ്സിലും വലിയ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. പാർട്ടി നയത്തിന് എതിരായ നിലപാട് സ്വീകരിച്ച വഹാബിനെ പുറത്താക്കണം എന്ന ആവശ്യം വരെ ലീഗിൽ ഉയർന്നു കഴിഞ്ഞു. അബ്ദുള്ളക്കുട്ടി കൂട് മാറിയതു പോലെ വഹാബും ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാണ്.
ഒറ്റയ്ക്കു നിന്നാൽ ഒരു പഞ്ചായത്തിൽ പോലും ജയിക്കാത്ത വഹാബ് ഏത് പാർട്ടിയിൽ പോയാലും ആ പാർട്ടിക്കാണ് ബാധ്യതയാകുക എന്നാണ് ലീഗ് അണികൾ ചൂണ്ടിക്കാട്ടുന്നത്. “പാർട്ടി താൽപ്പര്യത്തിന് എതിരായി നിലപാട് എടുക്കുന്ന നേതാക്കൾ തങ്ങൾക്കു വേണ്ട” എന്ന കടുത്ത നിലപാടിലേക്ക് ലീഗ് അണികൾ പോയാൽ മുസ്ലീം ലീഗ് നേതൃത്വമാണ് വെട്ടിലാകുക. തന്റെ മുൻഗാമികൾ വഹാബിന് നൽകിയ പരിഗണന ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വഹാബിന് നൽകുമോ എന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്. ലീഗിനെ സംബന്ധിച്ച് ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണിപ്പോൾ ഉള്ളത്. വഹാബിനെ തള്ളാനും വയ്യ കൊള്ളാനും വയ്യ എന്നതാണ് അവസ്ഥ. മുസ്ലിംലീഗിന്റെ മാത്രമല്ല ആ പാർട്ടിയുടെ മുഖപത്രമായ ചന്ദ്രികയുടെ പ്രധാന സാമ്പതിക സ്രോതസും വഹാബിനെ കേന്ദ്രീകരിച്ചാണുള്ളത്.
മികച്ച പാര്‍ലമെന്റേറിയനായ ജി.എം ബനാത്ത് വാലക്ക് സീറ്റ് നിഷേധിച്ചാണ് 2004ല്‍ അബ്ദുൾ വഹാബിന് രാജ്യസഭാ സീറ്റ് നല്‍കിയിരുന്നത്. ഈ സംഭവം അക്കാലത്ത് ലീഗില്‍ വലിയ വിവാദത്തിനാണ് തിരി കൊളുത്തിയിരുന്നത്. ലീഗ് പണക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നു എന്ന വികാരമാണ് അണികള്‍ക്കിടയില്‍ അന്നും ഇന്നുമുള്ളത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വികാരം അലയടിച്ചതോടെയാണ് നിയമസഭയില്‍ കേവലം ഏഴു സീറ്റെന്ന നാണംകെട്ട പരാജയത്തിലേക്ക് മുസ്ലീംലീഗ് കൂപ്പുകുത്തിയിരുന്നത്.
കുറ്റിപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും തിരൂരില്‍ ഇ.ടി മുഹമ്മദ് ബഷീറും മങ്കടയില്‍ എം.കെ മുനീറും വരെ അന്ന് പരാജയപ്പെടുന്ന സാഹചര്യമുണ്ടായി. എന്നിട്ടും പഠിക്കാത്ത ലീഗ് നേതൃത്വം തുടർച്ചയായി വീണ്ടും വഹാബിന് രാജ്യസഭാ സീറ്റ് നൽകി വരികയാണ് ഉണ്ടായത്.
ഒരു ഘട്ടത്തിൽ കെ.പി.എ മജീദിനെ മുൻ നിർത്തി വഹാബിന്റെ സീറ്റ് തെറുപ്പിക്കാൻ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ ശ്രമിച്ചെങ്കിലും ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇടപെട്ട് വഹാബിന് തന്നെ സീറ്റുകൾ നൽകുകയാണ് ഉണ്ടായത്. “സേവന പാരമ്പര്യവും അച്ചടക്കവുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നല്‍കേണ്ട പദവി” മുതലാളിക്ക് നല്‍കരുതെന്ന പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ നിലപാട് പോലും അന്ന് ഹൈദരലി ശിഹാബ് തങ്ങൾ മുഖവിലക്കെടുത്തിരുന്നില്ല.
ഹൈദരലി തങ്ങളുടെ മരണത്തോടെ ലീഗ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത സാദിഖലി ശിഹാബ് തങ്ങൾക്കും ഇപ്പോൾ കൂടുതൽ കരുത്താർജിച്ച മുനവറലി ശിഹാബ് തങ്ങൾക്കും വഹാബിനോട് മുൻ ലീഗ് അദ്ധ്യക്ഷൻ മാർക്കുണ്ടായിരുന്ന താൽപ്പര്യം നിലവിലില്ല. ഈ സാഹചര്യത്തിൽ ഇനി ഒരു ഊഴം വഹാബിന് രാജ്യസഭയിൽ ലഭിക്കാനും സാധ്യത കുറവാണ്. മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിപ്പിക്കാൻ സാധ്യതയില്ല. ഈ യാഥാർത്ഥ്യം കൂടി തിരിച്ചറിഞ്ഞാണ് വഹാബ് ഇപ്പോൾ ഒരു മുഴം മുൻപേ ‘കളി’ തുടങ്ങിയിരിക്കുന്നത് എന്നു വേണം സംശയിക്കാൻ. ബി.ജെ.പിക്ക് സ്വീകാര്യനായാൽ മറ്റേതെങ്കിലും സംസ്ഥാനം വഴി അടുത്ത ഊഴത്തിലും രാജ്യസഭയിൽ എത്താൻ വഹാബിന് കഴിയും. അതല്ലങ്കിൽ മറ്റെന്തെങ്കിലും ഉന്നത പദവികളും ഉറപ്പാണ്.
നിരവധി തവണ മുസ്ലീംലീഗ് എം.പിയായിരുന്നു എന്നതിനാൽ വഹാബ് ബി.ജെ.പി പാളയത്തിൽ എത്തിയാൽ അത് രാഷ്ട്രീയമായി പ്രചരണായുധമാക്കാനും ബി.ജെ.പിക്കു കഴിയും. അതോടെ രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് മുസ്ലിം ലീഗിന് സംഭവിക്കുക. “ഇന്നത്തെ കോൺഗ്രസ്സ് നാളത്തെ ബി.ജെ.പി” എന്നതിനൊപ്പം “ഇന്നത്തെ ലീഗ് നാളത്തെ ബി.ജെ.പി” എന്ന പ്രചരണത്തെ കൂടി ലീഗിന് നേരിടേണ്ടതായി വരും. അത്തരമൊരു സാഹചര്യം മുന്നിൽ കണ്ട് കേന്ദ്ര മന്ത്രിമാരെ പുകഴ്ത്തിയ വഹാബിനെതിരെ ഇപ്പോഴേ നടപടി സ്വീകരിച്ച് പോകുന്നതാണ് നല്ലതെന്നാണ് ലീഗിലെ പ്രബല വിഭാഗവും നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
EXPRESS KERALA VIEW