അബ്ദുള്ളക്കുട്ടിയുടെ ആരോപണങ്ങൾ യുക്തിക്ക് നിരക്കാത്തത്, ഗതികേട് . . .

കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം.പിയും എം.എല്‍.എയും ഒക്കെയായ അബ്ദുള്ളകുട്ടിക്ക് സത്യത്തില്‍ എന്താണ് പറ്റിയതെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം പരിശോധിക്കണം.

സരിതയുടെ പീഢന പരാതിയോടെ കേരള രാഷ്ട്രീയത്തില്‍ നിന്നും പലായനം ചെയ്ത അബ്ദുള്ളക്കുട്ടി ഇപ്പോള്‍ ഗുരുതരമായ ആരോപണം ഉയര്‍ത്തിയാണ് രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം ഉറപ്പാക്കാന്‍ സി.പി.എമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം 100 കോടി കൈപറ്റിയെന്നതാണ് ആരോപണം.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായില്‍ നിന്നുമാണ് ഈ തുക കൈപ്പറ്റിയെന്നതും ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അബ്ദുള്ളക്കുട്ടി വ്യക്തമാക്കുന്നു.

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസുമായി പോലും യോജിക്കണം എന്നായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത അടവുനയം. ഈ പാര്‍ട്ടി തത്വമാണ് കാരാട്ട്-പിണറായി ഗ്രൂപ്പുകള്‍ അമിത്ഷായ്ക്ക് മുന്നില്‍ അടിയറവ് വച്ചതെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.

സംസ്ഥാന പൊലീസ് ചീഫായി ലോക്‌നാഥ് ബഹറയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമിച്ചതെന്ന അബ്ദുള്ളക്കുട്ടിയുടെ നേതാവ് മുല്ലപ്പള്ളിയുടെ ആരോപണത്തിനു തൊട്ടു പിന്നാലെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

kisan march

മുല്ലപ്പള്ളിയുടെ ആരോപണം രാഷ്ട്രീയ കേരളം പുച്ഛിച്ചു തള്ളുക മാത്രമല്ല, യു.ഡി.എഫ് നേതാക്കള്‍ പോലും അത് ഏറ്റു പിടിച്ചതുമില്ല. അബ്ദുള്ളക്കുട്ടിയുടെയും അതുപോലെ ഒരു ഉണ്ടയില്ലാ വെടിയായി തന്നെയേ പ്രബുദ്ധ കേരളത്തിന് കാണാന്‍ പറ്റൂ.

താന്‍ ജീവിച്ചിരുപ്പുണ്ട് എന്നറിയിക്കാന്‍ വാര്‍ത്തകളില്‍ വരുന്നതിന് നടത്തിയ രണ്ടാം കിട ആക്ഷേപം എന്നതിനപ്പുറം ഒരു ഗൗരവവും ഈ ആരോപണത്തിന് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

രാജസ്ഥാനില്‍ മാത്രം 28 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി നാലു ലക്ഷത്തോളം മതേതര വോട്ടുകള്‍ ശിഥിലമാക്കിയെന്നും ഈ സംസ്ഥാനത്ത് മൂന്നു സീറ്റില്‍ ബി.ജെ.പിയെ ജയിപ്പിച്ചു കൊടുത്തത് സി.പി.എം ആണെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ കണ്ടുപിടുത്തം.

രാജസ്ഥാനിലെ കോണ്‍ഗ്രസ്സിന്റെ വിജയം തന്നെ സി.പി.എം കര്‍ഷക വിഭാഗം വിതച്ച വിത്തില്‍ നിന്നാണെന്ന് അബ്ദുള്ളക്കുട്ടി തിരിച്ചറിയണമായിരുന്നു.

ഇവിടെ ദേഹം അനങ്ങി ഒരു പ്രക്ഷോഭവും കോണ്‍ഗ്രസ്സ് കര്‍ഷകര്‍ക്കായി നടത്തിയിട്ടില്ല. തെരുവില്‍ തല്ലുകൊണ്ടതും ചുട്ടുപൊള്ളുന്ന വെയിലില്‍ അനവധി കിലോമീറ്റര്‍ നടന്ന് പ്രക്ഷോഭം സംഘടിപ്പിച്ചതും സി.പി.എം കര്‍ഷക വിഭാഗമായ കിസാന്‍ സഭയാണ്.

രാജസ്ഥാനില്‍ സി.പി.എമ്മിനുള്ള സംഘടനാപരമായ ദൗര്‍ബല്യമാണ് കോണ്‍ഗ്രസ്സിന് നേട്ടമുണ്ടാക്കിയത് എന്നതാണ് സത്യം. അബ്ദുള്ളക്കുട്ടി മന:പൂര്‍വ്വം മറച്ചു വച്ച ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇനി പരിശോധിക്കാം.

cpm

സംഘടനാപരമായ പരിമിതിക്കുള്ളില്‍ നിന്ന് മത്സരിച്ച രാജസ്ഥാനില്‍ രണ്ടു മണ്ഡലങ്ങളില്‍ മാത്രമേ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടൊള്ളൂ എങ്കിലും 2013 ലേതിനേക്കാള്‍ ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ നേടാന്‍ ഇവിടെ സി.പി.എമ്മിനു കഴിഞ്ഞിട്ടുണ്ട്. ആകെ 4,32000 വോട്ടുകളാണ് ചെങ്കൊടി ഇവിടെ സ്വന്തമാക്കിയിരിക്കുന്നത്. ഇത് ഒരിക്കലും ചെറിയ നേട്ടമായി കാണാന്‍ കഴിയില്ല.

മറ്റു രണ്ടിടത്ത് നാല്‍പ്പതിനായിരത്തില്‍ അധികം വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്താനും സി.പി.എമ്മിനു കഴിഞ്ഞു.

മധ്യപ്രദേശില്‍ ഇപ്പോഴും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണ്ണായക ശക്തിയല്ല. ചത്തിസ്ഗഢിലാവട്ടെ കോണ്‍ഗ്രസ്സിനൊപ്പം സഖ്യമായി മത്സരിച്ച സി.പി.ഐക്ക് ഒറ്റ സീറ്റിലും വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന യാഥാര്‍ത്ഥ്യം കൂടി സി.പി.എമ്മിനെ കോണ്‍ഗ്രസ്സ് സഖ്യത്തിന് പ്രേരിപ്പിക്കുന്ന അബ്ദുള്ളക്കുട്ടി ഓര്‍ക്കണം.

തെലങ്കാനയില്‍ കോണ്‍ഗ്രസ്സിനൊപ്പം മഹാ സഖ്യമുണ്ടാക്കി അട്ടിമറി വിജയം നേടണമെന്നും സര്‍ക്കാറിന്റെ ഭാഗമാകണമെന്നും ആഗ്രഹിച്ച സി.പി.ഐക്ക് ഇവിടെയും ചുവട് പിഴക്കുകയാണ് ചെയ്തത്.

തെലങ്കാനയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെയും പിന്നോക്ക ദളിത് സംഘടനകളുടെയും കൂട്ടായ്മ ഉണ്ടാക്കിയാണ് സി.പി.എം മത്സരിച്ചത്.ഈ പരീക്ഷണം വിജയിച്ചില്ലങ്കിലും ഇങ്ങനെ നേടിയ ഓരോ വോട്ടിനും അതിന്റേതായ അന്തസ്സുണ്ട്. മൂല്യങ്ങളും ഉണ്ട്.

രാജസ്ഥാനില്‍ ഇടപെട്ടതു പോലെ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കൂടുതല്‍ ശക്തമായി കര്‍ഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിക്കാന്‍ ചെങ്കൊടിക്ക് കഴിഞ്ഞാല്‍ ഭാവിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നുറപ്പാണ്. ഇനി കോണ്‍ഗ്രസ്സ് അഹങ്കരിക്കുന്നത് പോലെ വലിയ ഒരു വിജയം രാജസ്ഥാനിലും മധ്യപ്രദേശിലും അവര്‍ക്ക് അവകാശപ്പെടാന്‍ കഴിയുന്നതുമല്ല.

സീറ്റുകളുടെ എണ്ണത്തില്‍ ബി.ജെ.പിയുമായി വലിയ ദൂരം ഈ സംസ്ഥാനങ്ങളില്‍ ഇല്ലാത്തതും മുഖ്യ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ ശോഭിക്കാന്‍ കഴിയാതിരുന്നത് കൊണ്ടു കൂടിയാണ്. ഒത്തു തീര്‍പ്പ് രാഷ്ട്രീയം നടത്തി വന്നതിന്റെ പോരായ്മയായും ഇതിനെ വിലയിരുത്താവുന്നതാണ്.

ഒരിക്കലും നന്നാവാന്‍ പോകുന്നില്ല എന്നതിന്റെ സൂചനകള്‍ വിജയിച്ച സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരെ വിലയിരുത്തുമ്പോള്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

യുവാക്കള്‍ നയിക്കുമെന്ന് പറഞ്ഞ് രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെയും മധ്യപ്രദേശില്‍ ജോതിരാദിത്യ സിന്ധ്യയെയും മുന്‍ നിര്‍ത്തി പ്രചരണം നടത്തിയ രാഹുല്‍ ഗാന്ധി നിലപാടില്‍ നിന്നും മലക്കം മറിയുന്ന കാഴ്ചയാണ് ഫലപ്രഖ്യാപനത്തിന് ശേഷം കണ്ടത്. മധ്യപ്രദേശില്‍ കമല്‍ നാഥിനെയും രാജസ്ഥാനില്‍ അശോക് ഗലോട്ടിനെയുമാണ് മുഖ്യമന്ത്രിയാക്കിയിരിക്കുന്നത്.

പലവട്ടം പരാജയപ്പെട്ട പഴയ മുഖങ്ങള്‍ തന്നെ വീണ്ടും പ്രതിഷ്ടിക്കുക വഴി ഇനിയും മാറാന്‍ തയ്യാറല്ലന്ന സന്ദേശമാണ് കോണ്‍ഗ്രസ്സ് നല്‍കുന്നത്. ആദ്യം സ്വന്തം നേതാവിനോട് വാക്ക് പാലിക്കാന്‍ പറഞ്ഞിട്ടാവണം രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ അബ്ദുള്ളക്കുട്ടിയും വിമര്‍ശനം ഉന്നയിക്കേണ്ടത്.

Top