അബ്ദുള്ളക്കുട്ടിയും ‘കാവി’ക്കുട്ടിയായി ! തകർന്നത് കോൺഗ്രസ്സിന്റെ മുഖഛായ

ബ്ദുള്ളക്കുട്ടി ഇപ്പോഴും കോണ്‍ഗ്രസ്സ് നേതാവ് തന്നെയാണോ ? ഈ ചോദ്യത്തിന് ഇനി മറുപടി പറയേണ്ടത് ആ പാര്‍ട്ടിയുടെ നേതൃത്വമാണ്.മോദിയുടെ വിജയം വികസനത്തിന് കിട്ടിയ അംഗീകാരമാണെന്നും ഗാന്ധിയന്‍ മൂല്യം മോദി ഭരണത്തില്‍ പ്രയോഗിച്ചു എന്നുമാണ് അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരിക്കുന്നത്.

മോദി നടപ്പാക്കിയ ഓരോ കാര്യങ്ങളും അക്കമിട്ട് നിരത്തിയാണ് തന്റെ വാദങ്ങളെ അബ്ദുള്ളക്കുട്ടി സമര്‍ത്ഥിക്കുന്നത്. നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിക്കരുതെന്നും ഈ മുന്‍ എം.പി ചൂണ്ടിക്കാട്ടുന്നു.

കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് പറയുന്ന രാഹുല്‍ ഗാന്ധിക്കുള്ള മറുപടിയായും ഈ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ ഇനി വിലയിരുത്താവുന്നതാണ്. ദേശീയ മാധ്യമങ്ങളും കോണ്‍ഗ്രസ് നേതാവായ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം വാര്‍ത്തയാക്കിയതോടെ ആകെ വെട്ടിലായിരിക്കുകയാണ് ഇപ്പോള്‍ ഹൈക്കമാന്റ്.

സംഘപരിവാര്‍ ആകട്ടെ ഇത് ശരിക്കും ആഘോഷിക്കുന്നുമുണ്ട്. അബ്ദുള്ളക്കുട്ടിയുടെ മോദി പ്രേമം മുന്‍പു തന്നെ പ്രസിദ്ധമാണ്. സി.പി.എമ്മില്‍ ഇരിക്കെ മോദിയെ പ്രകീര്‍ത്തിച്ചതിനാണ് ഈ ‘കുട്ടിയെ’ സി.പി.എം പുറത്താക്കിയത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ മോദി നടത്തിയ പ്രവര്‍ത്തനങ്ങളാണ് അബ്ദുള്ളക്കുട്ടിയെ ആകര്‍ഷിച്ചിരുന്നത്. ഇപ്പോള്‍ പ്രധാനമന്ത്രി ആയിരുന്ന മോദിയുടെ പ്രവര്‍ത്തനങ്ങളെയാണ് വിലയിരുത്തിയിരിക്കുന്നത്.ഇങ്ങനെ വിലയിരുത്താന്‍ അബ്ദുള്ളക്കുട്ടിമാരുള്ളപ്പോള്‍ കേരളത്തില്‍ ബിജെപിക്കും ഇനി പേടിക്കേണ്ട കാര്യമില്ല.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ അഭിമാനിക്കാം. കാരണം അവര്‍ പോലും പറയാത്ത മോദി സ്തുതി അബ്ദുള്ളക്കുട്ടി പറഞ്ഞു കഴിഞ്ഞു.ഇതില്‍ കൂടുതല്‍ കാവി പടക്ക് ഇനി എന്തു വേണം? കേരളത്തില്‍ നിന്നും ഒരു എം.പിയെ പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലങ്കിലും മുന്‍ എം.പിയെ ലഭിക്കാന്‍ എന്തായാലും സാധ്യത കൂടുതലാണ്.

കോണ്‍ഗ്രസ്സ് നേതാക്കള്‍ കേരളത്തിലും ബി.ജെ.പിയില്‍ ചേരുമെന്ന പ്രചരണത്തിന് ശക്തി പകരുന്നതാണ് അബ്ദുള്ളക്കുട്ടിയുടെ ഇപ്പോഴത്തെ നീക്കം. ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടി കണ്ണ് വയ്ക്കുന്നുണ്ടോ എന്ന സംശയവും ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ തവണ കെ.സുരേന്ദ്രന്‍ വെറും 89 വോട്ടിനു മാത്രം പരാജയപ്പെട്ട മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് ബി.ജെ.പിയുടെ അഭിമാന പ്രശ്‌നമാണ്.

കേരളത്തിലെ പരാജയത്തില്‍ കേന്ദ്ര നേതൃത്വം ‘വടി’ എടുത്ത് നില്‍ക്കുന്നതിനാല്‍ ഏതു പരീക്ഷണത്തിനും ഇനി ബി.ജെ.പി തയ്യാറാകും. ഇതു തന്നെയാണ് അബ്ദുള്ളക്കുട്ടിയും ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസ്സില്‍ ഇനി വലിയ റോളൊന്നും ഉണ്ടാകില്ലെന്ന് കണ്ട് അബ്ദുള്ളക്കുട്ടി മറുകണ്ടം ചാടാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന അബ്ദുള്ളക്കുട്ടിയെ സി.പി.എം കണ്ണൂരില്‍ മത്സരിപ്പിച്ച് വിജയിപ്പിച്ചതോടെയാണ് അദ്ദേഹം അത്ഭുതക്കുട്ടിയായി മാറിയിരുന്നത്. മുല്ലപ്പള്ളിയുടെ കുത്തക മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തിനാണ് അന്ന് അബ്ദുള്ളക്കുട്ടി വിജയിച്ചത്. പിന്നീടും കണ്ണൂര്‍ സീറ്റില്‍ സി.പി.എം ഈ യുവ നേതാവിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് അബ്ദുള്ളക്കുട്ടി നടത്തി വന്നിരുന്നത്. മോദി സ്തുതി പുറത്ത് വന്നതോടെ സി.പി.എം തന്നെ പുറം തള്ളുകയായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ്സ് അബ്ദുള്ളക്കുട്ടിക്ക് അഭയമായത്. തുടര്‍ന്ന് കെ.സുധാകരന്റെ തണലില്‍ കണ്ണൂരില്‍ നിന്നും വിജയിച്ച് എം.എല്‍.എ ആയി. ഇപ്പോള്‍ സതീശന്‍ പാച്ചേനി ഡി.സി.സി അദ്ധ്യക്ഷനായതോടെ അബ്ദുള്ളക്കുട്ടിക്ക് കോണ്‍ഗ്രസ്സിലെ പിടിയും അയഞ്ഞു. ഇനി ഒരങ്കത്തിന് കൂടി സീറ്റ് കിട്ടില്ലെന്ന നിഗമനത്തിലാണ് പുതിയ താവളം തേടുന്നതെന്നാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. മോദി സ്തുതി നടത്തിയ അബ്ദുള്ളക്കുട്ടിയെ പുറത്താക്കണമെന്ന് സമ്മര്‍ദ്ദമുണ്ടെങ്കിലും കെ.പി.സി.സി നേതൃത്വം അത് മുഖവിലക്കെടുത്തിട്ടില്ല. പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി അബ്ദുള്ളക്കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ശരിക്കും പ്രതിരോധത്തിലായിരിക്കുന്നത് യു.ഡി.എഫാണ്. മുസ്ലീം ലീഗ് അണികളും വലിയ കലിപ്പിലാണ്.

ഇടതുപക്ഷത്തിനാകട്ടെ ഒന്നാന്തരം ഒരു ആയുധമായി ഈ പ്രസ്താവന മാറിക്കഴിഞ്ഞു. കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടത്തുന്നത്. നിയമസഭ ഉപതിരഞ്ഞെടുപ്പ് വരെ ഈ വിഷയം സജീവമാക്കി നിര്‍ത്താന്‍ തന്നെയാണ് തീരുമാനം.

യു.ഡി.എഫിനെ വിശ്വസിച്ച് വോട്ട് ചെയ്ത ന്യൂനപക്ഷ വിഭാഗത്തെ വഞ്ചിക്കുന്ന പ്രതികരണമാണ് അബ്ദുള്ളക്കുട്ടി നടത്തിയതെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു.

അബ്ദുള്ളക്കുട്ടിക്ക് എതിരെ നടപടി സ്വീകരിക്കാതെ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍ യു.ഡി.എഫിന്. മഞ്ചേശ്വരവും പാലയും അടക്കം ആറ് മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതില്‍ അരൂര്‍ മാത്രമാണ് ഇടതുപക്ഷത്തിന്റെ കൈവശമുള്ളത് ബാക്കിയെല്ലാം യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. രണ്ടു സീറ്റുകളില്‍ വിജയിച്ചാല്‍ പ്പോലും ഇടതുപക്ഷത്തെ സംബന്ധിച്ച് അത് വലിയ തിരിച്ചു വരവാകും.

ബി.ജെ.പിയാകട്ടെ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം സോഷ്യല്‍ മീഡിയ വഴി വലിയ രൂപത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. അവരുടെയും ലക്ഷ്യം ഉപതിരഞ്ഞെടുപ്പ് തന്നെയാണ്. മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ എങ്ങനെയും വിജയിക്കണമെന്നതാണ് താല്പര്യം. കോണ്‍ഗ്രസ്സില്‍ നിന്നും അബ്ദുള്ളക്കുട്ടി അടക്കമുള്ളവരെ അടര്‍ത്തിമാറ്റാനും ബി.ജെ.പി ശ്രമം തുടങ്ങിയിട്ടുണ്ട്. കേരളത്തിലും ഖദര്‍ കാവിയണിയുമ്പോള്‍ അപ്രസക്തമാകുക കോണ്‍ഗ്രസ്സ് രാഷ്ട്രീയം തന്നെയായിരിക്കും.

Political Reporter

Top