അബ്ദുള്ളക്കുട്ടിക്ക് സ്ഥാനം ലഭിച്ചത്, പ്രധാനമന്ത്രിയുടെ പ്രത്യേക താൽപ്പര്യം

ബി.ജെ.പി. അഖിലേന്ത്യാ വൈസ് പ്രസിഡന്റായി എ.പി. അബ്ദുള്ളക്കുട്ടിയെ നിയമിച്ചതിന് പിന്നില്‍ കൃത്യമായ അജണ്ട. ബീഹാര്‍, ബംഗാള്‍, തമിഴ്‌നാട്, കേരള നിയമസഭ തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് ഈ നീക്കം. മുസ്ലീം ന്യൂനപക്ഷം മാത്രമല്ല ക്രൈസ്തവര്‍, സിഖ് സമുദായങ്ങളില്‍ അടക്കമുള്ളവരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അബ്ദുള്ളക്കുട്ടി വന്നു എന്ന് കരുതി ന്യൂനപക്ഷങ്ങളുടെ മനോഭാവം എല്ലാം മാറുമെന്ന ധാരണ ബി.ജെ.പിക്ക് ഇല്ല. എന്നാല്‍ ഇത്തരമൊരു സ്ഥാനാരോഹണം ഹൈന്ദവ പാര്‍ട്ടി എന്ന പ്രതിച്ഛായ മറികടക്കാന്‍ സഹായകരമാകുമെന്നാണ് കണക്ക് കൂട്ടല്‍. അന്താരാഷ്ട്ര തലത്തിലും ഇത് പ്രതിച്ഛായക്ക് ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടല്‍.

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മറ്റു ചില നേതാക്കള്‍ ബി.ജെ.പിക്കുണ്ടെങ്കിലും അബ്ദുള്ളക്കുട്ടിക്ക് നറുക്ക് വീഴാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയെ സകലരും എതിര്‍ത്ത സമയത്ത് ഗുജറാത്ത് മോഡല്‍ കണ്ട് പഠിക്കണമെന്ന് പരസ്യമായി പറഞ്ഞ് പാര്‍ട്ടി നടപടി ഏറ്റുവാങ്ങിയത് മുന്‍പ് തന്നെ മോദിയെ ആകര്‍ഷിച്ചിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രനെ അട്ടിമറിച്ച് കണ്ണൂര്‍ ലോകസഭ മണ്ഡലം സി.പി.എം പിടിച്ചെടുത്തത് അബ്ദുള്ളക്കുട്ടിയിലൂടെയായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരിക്കെയായിരുന്നു ഈ മത്സരം. പിന്നീട് സി.പി.എം നടപടിക്ക് വിധേയനായി കോണ്‍ഗ്രസ്സിലേക്ക് ചാടിയ അബ്ദുള്ളക്കുട്ടിയെ കണ്ണൂര്‍ നിയമസഭ സീറ്റില്‍ മത്സരിപ്പിച്ച് യു.ഡി.എഫ് എം.എല്‍.എയാക്കിയിരുന്നു. മുന്‍ എം.പി, മുന്‍ എം.എല്‍.എ എന്നതും ഇപ്പോഴത്തെ സ്ഥാനത്തിന് പിന്നിലെ പ്രധാന ഘടകമാണ്.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്നും അബ്ദുള്ളക്കുട്ടി മത്സരിക്കണമെന്നതാണ് സംസ്ഥാന ബി.ജെ.പിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത്. നിലവില്‍ ഈ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ബി.ജെ.പിയാണ്. തലനാരിഴക്കാണ് പലപ്പോഴും മഞ്ചേശ്വരം ബി.ജെ.പിക്ക് കൈവിടാറുള്ളത്. ഇപ്പോഴത്തെ എം.എല്‍.എ ഖമറുദ്ദീന്‍ തട്ടിപ്പ് കേസില്‍പ്പെട്ടത് പാര്‍ട്ടിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായാണ് ബി.ജെ.പി. കരുതുന്നത്.അബ്ദുള്ളക്കുട്ടി മത്സരിക്കുന്നതോടെ മണ്ഡലം പിടിച്ചെടുക്കാമെന്നതാണ് കണക്ക് കൂട്ടല്‍.

കോണ്‍ഗ്രസ്സിലെ ചില നേതാക്കളെ ബി.ജെ.പിയിലേക്ക് അടര്‍ത്തി മാറ്റേണ്ട ചുമതലയും ഇപ്പോള്‍ അബ്ദുള്ളക്കുട്ടിക്കാണ്. അതേസമയം ഈ കേരള ‘അജണ്ടക്ക്’ അപ്പുറം മോദി ചിലത് മനസ്സില്‍ കണ്ടിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അത് കേന്ദ്ര മന്ത്രി സ്ഥാനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏത് ചുമതല നല്‍കിയാലും അബ്ദുള്ളക്കുട്ടിയിപ്പോള്‍ ബി.ജെ.പിയിലും ‘അത്ഭുത’ക്കുട്ടിയായി മാറിയിരിക്കുകയാണ്. കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും മുകളിലാണ് പാര്‍ട്ടിയില്‍ അബ്ദുള്ളക്കുട്ടിയുടെ സ്ഥാനം. ഇത് സംസ്ഥാന നേതാക്കളെയും ഞെട്ടിച്ചിട്ടുണ്ട്.

ബി.ജെ.പി. കേരളാഘടകത്തില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പുപോരില്‍ കേന്ദ്രനേതൃത്വത്തിന് വലിയ അതൃപ്തിയാണുള്ളത്. മറ്റാരെ നിയമിച്ചാലും അതില്‍ ഗ്രൂപ്പുപക്ഷം വരുമെന്ന കാര്യവും ഉറപ്പായിരുന്നു. മുസ്ലിം വിഭാഗത്തില്‍നിന്ന് ഒരാളെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരിക വഴി, സംസ്ഥാനത്തെ എതിര്‍പ്പും ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും. മാത്രമല്ല, ദേശീയ തലത്തില്‍ത്തന്നെ അത് ചര്‍ച്ചയാവുമെന്നും പാര്‍ട്ടി കേന്ദ്രനേതൃത്വം വിലയിരുത്തിയിട്ടുണ്ട്. അബ്ദുള്ളക്കുട്ടിയെ മുന്‍പ് സംസ്ഥാന വൈസ് പ്രസിഡന്റാക്കിയപ്പോള്‍ സംസ്ഥാന നേതൃത്വത്തോട് ചര്‍ച്ച ചെയ്യാതിരുന്നത് പോലെ ഈ നീക്കവും കേരളനേതൃത്വം അറിയാതെയുള്ളതായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ബംഗാളിലും ത്രിപുരയിലും മുന്നേറ്റമുണ്ടാക്കിയ ബി.ജെ.പി.ക്ക് കേരളം ഇപ്പോഴും വലിയ വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ പോരെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. മതന്യൂനപക്ഷവോട്ടുകളുടെ ഏകോപനമാണ് ഇവിടെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഗുണംചെയ്യുക എന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. അഖിലേന്ത്യാ വൈസ് പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം മുസ്ലീം -ക്രൈസ്തവ നേതൃത്വവുമായി അബ്ദുള്ളക്കുട്ടി ആശയ വിനിമയം നടത്തും. കേരളത്തിന് പുറമെ, ബീഹാര്‍, തമിഴ്‌നാട്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും അബ്ദുള്ളക്കുട്ടി ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ പ്രചരണത്തിനിറങ്ങും.

Top