മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മലപ്പുറം എസ്പി യു. അബ്ദുള്‍കരീം. അപകടവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വാഹനം അപകടത്തില്‍പ്പെട്ട കേസും ഹോട്ടലില്‍ അബ്ദുള്ളക്കുട്ടിയെ കൈയേറ്റം ചെയ്തുവെന്ന പരാതിയും അന്വേഷിക്കുമെന്നും എസ്പി വ്യക്തമാക്കി.
മലപ്പുറം രണ്ടത്താണിയില്‍ വച്ചാണ് അബ്ദുള്ളക്കുട്ടിയുടെ വാഹനത്തില്‍ ലോറി ഇടിച്ചത്. കാറിന്റെ പുറകില്‍ രണ്ട് തവണ ലോറി കൊണ്ടുവന്ന് ഇടിപ്പിച്ചെന്ന് അബ്ദുള്ളക്കുട്ടി പരാതിപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. താന്‍ സഞ്ചരിച്ച കാറിനു പിന്നില്‍ മറ്റൊരു വാഹനം കൊണ്ടുവന്ന് അമിതവേഗതയില്‍ ഇടിക്കുകയായിരുന്നുവെന്നും പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും വാഹനം പിന്നില്‍ കൊണ്ടുവന്ന് ഇടിപ്പിച്ചുവെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.