അതിയായ ദുഖമുണ്ട്; മന്ത്രി റിയാസിനെതിരായ പ്രസ്താവനയില്‍ ഖേദ പ്രകടനവുമായി ലീഗ് നേതാവ്

കണ്ണൂര്‍: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനും ഭാര്യക്കുമെതിരെ ഗുരുതര ആക്ഷേപമുന്നയിച്ച മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി ഖേദം പ്രകടിപ്പിച്ചു. ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചായിരുന്നില്ല പ്രസംഗമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചതില്‍ അതിയായ ദുഖമുണ്ടെന്നും പ്രസ്തുത പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും കല്ലായി വ്യക്തമാക്കി.

”മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഇന്നലെ സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തില്‍ മുന്‍ ഡിവൈ.എഫ്.ഐ നേതാവിനെ കുറിച്ചുള്ള എന്റെ പരാമര്‍ശം വിവാദമായത് ശ്രദ്ധയില്‍പെട്ടു. വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചത്. അത് ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചായിരുന്നില്ല. അങ്ങനെ സംഭവിച്ചതില്‍ എനിക്ക് അതിയായ ദുഖമുണ്ട്. പ്രസ്തുത പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു” എന്നായിരുന്നു അബ്ദുറഹ്‌മാന്റെ ഖേദ പ്രകടനം.

കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ വെച്ച് മുസ്ലിം ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായിയുടെ വിവാദ പ്രസ്താവന. മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകള്‍ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചായിരുന്നു ലീഗ് നേതാവിന്റെ വിവാദ പ്രസ്താവന. റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായിയുടെ പ്രസംഗം. പ്രസംഗത്തിനിടെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അബ്ദുറഹ്‌മാന്‍ കല്ലായി അധിക്ഷേ വാക്കുകള്‍ ചൊരിഞ്ഞു.

Top