ചേര്‍പ്പ് (തൃശൂര്‍): സ്വന്തം വീടു വില്‍ക്കാന്‍ അനുമതി തേടി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അഭയ് രാം കുമാറിന്റെ കത്ത്. പെരുവനം കിഴക്കേനട വടക്കേപിഷാരത്തില്‍ രാംകുമാറിന്റെയും ഗീതയുടെയും മകനും സിഎന്‍എന്‍ ബോയ്‌സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ അഭയ് രാംകുമാറാണ് വീടു വില്‍ക്കാന്‍ അനുമതി തേടി കത്തയച്ചിരിക്കുന്നത്.
തന്റെ ചികില്‍സയ്ക്കു പണം കണ്ടെത്താന്‍ മാതാപിതാക്കള്‍ക്കു വീടു വില്‍ക്കണം. വില്‍ക്കണമെങ്കില്‍ പുരാവസ്തുവകുപ്പ് കനിയണം. ആ കനിവിനായാണ് അഭയ് പ്രധാനമന്ത്രിക്കു കത്തെഴുതി കാത്തിരിക്കുന്നത്.
മസിലുകള്‍ ക്ഷയിക്കുന്ന ഡ്യൂഷന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച് വര്‍ഷങ്ങളായി ചികില്‍സയിലാണ് അഭയ്. വീല്‍ചെയറിന്റെ സഹായത്തോടെ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളിലാണ് ഇപ്പോള്‍ അഭയിന്റെ സഞ്ചാരം.
അഭയിന്റെ അച്ഛന്‍ രാംകുമാര്‍ മകന്റെ ചികില്‍സയ്ക്കായി മുംബൈയിലെ ഉയര്‍ന്ന ജോലി രാജിവച്ചാണു കുടുംബസമേതം നാട്ടിലെത്തിയത്. അഭയിനെ നാലാം ക്ലാസില്‍ സിഎന്‍എന്‍ സ്‌കൂളില്‍ ചേര്‍ത്തു. സ്‌കൂളില്‍ പോകാന്‍ ബുദ്ധിമുട്ടായതിനാല്‍ വീട്ടില്‍ ഇരുന്നാണു പരീക്ഷകള്‍ എഴുതിയതും വിജയിച്ചതും. കഴിഞ്ഞ പരീക്ഷയില്‍ ഫിസിക്‌സ് ഒഴികെ എല്ലാ വിഷയത്തിനും എ പ്‌ളസ് നേടി ഈ മിടുക്കന്‍.
മകന്റെ ചികില്‍സാ ചെലവുകള്‍ വര്‍ധിച്ചപ്പോള്‍ രാംകുമാര്‍ ജോലിതേടി വിദേശത്തേക്കു പോയി. മരുന്നു കണ്ടെത്താത്ത രോഗം ചികില്‍സിക്കാന്‍ ഈ രക്ഷിതാക്കള്‍ നടത്തുന്നത് ഗവേഷണം അടക്കമുള്ള ശ്രമങ്ങളാണ്. മരുന്നു വികസിപ്പിച്ചെടുക്കാന്‍ ഇതേ അസുഖമുള്ള 12 മാതാപിതാക്കളുമായി ചേര്‍ന്ന് ബെംഗളൂരുവില്‍ ഡിസ്‌ട്രോഫി അനലൈസേഷന്‍ റിസര്‍ച് ട്രസ്റ്റ് എന്ന ഗവേഷണ കേന്ദ്രം തുടങ്ങിയിരുന്നു. ഇതിനായി കോടിയിലേറെ രൂപ ചെലവിട്ടു കഴിഞ്ഞു. മരുന്നുകള്‍ എലികളില്‍ പരിശോധിച്ചു വിജയം കണ്ടുവെന്നും മാതാപിതാക്കള്‍ പറയുന്നു. തുടര്‍ ഗവേഷണവും ചികില്‍സയ്ക്കും മറ്റുമായി പരമാവധി പണം കണ്ടെത്തുന്നതിനാണ് 145 വര്‍ഷം മുന്‍പ് പിതാമഹന്മാര്‍ക്കു ലഭിച്ച സ്ഥലവും വീടും വില്‍ക്കാന്‍ തുനിഞ്ഞത്.
ഏഴ് ഏക്കറിലധികം വരുന്ന പെരുവനം ക്ഷേത്രപ്പറമ്പിന്റെ ചുറ്റുവട്ടത്താണു താമസമെന്നതിനാല്‍ സ്ഥലം വാങ്ങുന്നതിനും വില്‍ക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോള്‍ നിയന്ത്രണമുണ്ട്. ക്ഷേത്രപ്പറമ്പില്‍ നിന്ന് 100 മീറ്റര്‍ എന്ന നിയന്ത്രണം എടുത്തുകളഞ്ഞ് ക്ഷേത്രത്തില്‍ നിന്നു 100 മീറ്റര്‍ എന്നാക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭയ് കത്തെഴുതിയിരിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും ഈ ആവശ്യമുന്നയിച്ചു കത്തയച്ചു.
വടക്കുന്നാഥന്‍ ക്ഷേത്രം അടക്കമുള്ള പുരാവസ്തുവകുപ്പിനു കീഴിലെ കെട്ടിടസമുച്ചയങ്ങള്‍ക്ക് ഈ നിയമത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. സമാനമായ ഇളവ് തങ്ങള്‍ക്കും ലഭിക്കണമെന്ന് ഈ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു. മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ കേന്ദ്രത്തില്‍ നിന്നുള്ള കനിവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം.