അഭയ കേസ്; തോമസ് കോട്ടൂരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: അഭയ കേസില്‍ സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ തോമസ് എം കോട്ടൂര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അപ്പീലുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീല്‍ കോടതി പിന്നീട് പരിഗണിക്കും. അപ്പീല്‍ പരിഗണിച്ച് തീര്‍പ്പാക്കുന്നതു വരെ ജാമ്യം അനുവദിക്കണം എന്ന ഹര്‍ജി പ്രതി ഉടന്‍ നല്‍കും.

28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാല്‍, കേസിന്റെ വാചരണയടക്കമുള്ള നടപടികള്‍ നീതി പൂര്‍വ്വമായിരുന്നില്ലെന്നാണ് ഹര്‍ജിയില്‍ പ്രതി ആരോപിക്കുന്നത്.

കേസിലെ 49 ആം സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയടക്കം അടിസ്ഥാനമാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. ഈ മൊഴി വിശ്വസനീയമല്ലെന്നും ഹര്‍ജിയില്‍ ഫാദര്‍ തോമസ് എം കോട്ടൂര്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ 23 നാണ് അഭയ കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തം തടവിനും സിബിഐ കോടതി ശിക്ഷിച്ചത്.

Top