തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ മുന്‍ മജിസ്‌ട്രേറ്റില്‍ നിന്നും തിരുവനന്തപുരം സിബിഐ കോടതി മൊഴി രേഖപ്പെടുത്തി. അഭയ താമസിച്ചിരുന്ന കോണ്‍വെന്റിനു സമീപം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ കണ്ടിരുന്നെന്നു സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നതായാണ് മജിസ്ട്രറ്റിന്റെ മൊഴി. സിസ്റ്റര്‍ അഭയക്കേസില്‍ സാക്ഷികളുടെ രഹസ്യമൊഴിയെടുത്ത അന്നത്തെ മജിസ്‌ട്രേറ്റ് ശരത്ത് ചന്ദ്രനാണ് ഇന്നു തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയത്.ശരത് ചന്ദ്രന്‍ ഇപ്പോള്‍ ഇടമലയാര്‍ പ്രത്യേക കോടതിയിലെ ജഡ്ജിയാണ്.
പ്രതികളെ കോണ്‍വെന്റില്‍ കണ്ടിരുന്നെന്ന് രഹസ്യമൊഴി നല്‍കിയ സാക്ഷിയായ സഞ്ചു പി മാത്യു കോടതിയില്‍ നേരത്തെ കൂറുമാറിയിരുന്നു. അതേസമയം സിസ്റ്റര്‍ അഭയ കേസിലെ തൊണ്ടിമുതലുകള്‍ കോടതിയില്‍ നിന്നും വാങ്ങിയ ക്രൈം ബ്രാഞ്ച് സംഘം തിരികെ നല്‍കിയില്ലെന്ന് സാക്ഷി മൊഴി നല്‍കി. കോട്ടയം ആര്‍ഡിഒ കോടതിയില്‍ നിന്നും വാങ്ങിയ എട്ടു തൊണ്ടിമുതലുകള്‍ തിരികെ നല്‍കിയില്ലെന്നാണ് മൊഴി.
1992 മാര്‍ച്ച് 27 നാണു സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുഘട്ടമായി നടന്ന അന്വേഷണത്തില്‍ സി.ബി.ഐ 177 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കേസില്‍ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയുമാണ് പ്രതികള്‍. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.