തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ സി.ബി.ഐ കോടതി പ്രതി ചേര്‍ത്തു. ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി.മൈക്കിളിനെയാണ് അഭയയുടെ വസ്ത്രങ്ങളും അനുബന്ധ തെളിവുകളും നശിപ്പിച്ചതില്‍ കോടതി നാലാം പ്രതിയാക്കിയത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട മൈക്കിളിന്റെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. മൈക്കിള്‍ അടക്കമുള്ളവരെ പ്രതിയാക്കണമെന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഹര്‍ജിയും മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി. തോമസ് അടക്കമുള്ളവരുടെ വീഴ്ചകള്‍ അന്വേഷിക്കണമെന്ന കെ.ടി. മൈക്കിളിന്റെ ഹര്‍ജിയിലുമാണ് കോടതി വാദം കേട്ടത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃകയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ ഒന്നു മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍.
അഭയയുടെ മൃതദേഹത്തിന്റെ ഫോട്ടോ എടുത്തിരുന്ന വര്‍ഗീസ് ചാക്കോയുടെ മൊഴിയില്‍ സ്റ്റുഡിയോ ഉടമസ്ഥനായ ബേബിച്ചന്റെ സഹോദരനോട് അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി. മൈക്കിള്‍ ഫോട്ടോയും നെഗറ്റീവും പൊലീസിന് നല്‍കരുതെന്ന് പറഞ്ഞിരുന്നു. എന്നിട്ടും ബേബിച്ചന്റെയും സഹോദരന്റെയും മൊഴി എടുക്കാന്‍ സി.ബി.ഐ തയ്യാറായിരുന്നില്ല. അഭയ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസം മൈക്കിള്‍ മഠത്തില്‍ എത്തിയിരുന്നു. ഇതേക്കുറിച്ചും കൂടുതല്‍ വിശദീകരണം കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.