Abhaya – death- 27 years

കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് മാര്‍ച്ച് 27 ന് 24വര്‍ഷം തികയുന്നു. 1992 മാര്‍ച്ച് 27 ന് ആണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്.

തെളിവ് നശിപ്പിച്ചവര്‍ക്കെതിരെ സിബിഐ യുടെ തുടരന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ജൂലൈ 30 നാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ കഴിഞ്ഞ 8 മാസമായി വാദം പൂര്‍ത്തിയാക്കിയ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ആര്‍ രഘു ഏപ്രില്‍ 25 ന് വിധി പറയാന്‍ കേസ് മാറ്റി വച്ചിരിക്കുകയാണ്.

ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നി മൂന്ന് പ്രതികളെ അഭയ കേസില്‍ 2008 നവംബര്‍ 18 ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഈ പ്രതികള്‍ക്കെതിരെ 2009 ജൂലൈ 17 നാണ് സിബിഐ കുറ്റപത്രം നല്‍കിയിരുന്നത്.

ലോക്കല്‍ പൊലീസ് പതിനേഴ് ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന, അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം 1993 മാര്‍ച്ച് 29 നാണ് സിബിഐ കേസ് ഏറ്റെടുത്തത്.

എന്നാല്‍ കഴിഞ്ഞ 24 വര്‍ഷത്തിനിടയില്‍ അഭയ കേസ്സിലെ പ്രതികളെ പിടിക്കാന്‍ സിബിഐയ്ക്ക് കഴിയുന്നില്ല എന്ന് കാണിച്ച് 96, 99, 2005 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് പ്രാവശ്യം അന്വേഷണം അവസാനിപ്പിക്കുവാന്‍ സിബിഐ കോടതിയുടെ അനുമതി തേടി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെങ്കിലും മൂന്ന് പ്രാവശ്യവും അന്തിമ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി അഭയ കേസില്‍ തുടരന്വേഷണം നടത്തുവാന്‍ ഉത്തരവിടുകയായിരുന്നു. പിന്നീടാണ് സിബിഐ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

ഒരു കൊലക്കേസില്‍ ഇത്രയും വര്‍ഷക്കാലം സിബിഐ അന്വേഷണം നടത്തിയത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണെന്ന പ്രത്യേകതയാണ് ഈ കേസിനുള്ളത്. 1992 മാര്‍ച്ച് 31 നാണ് അന്നത്തെ കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി സി ചെറിയാന്‍ മടുക്കാനി പ്രസിഡന്റായും, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറായും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്.

കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷക്കാലമായി അഭയകേസില്‍ നീതിക്കുവേണ്ടിയുള്ള നിരന്തര നിയമ പോരാട്ടം കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നതിന്റെ ഫലമായിട്ടാണ് അഭയ കേസ് ഇപ്പോഴും അട്ടിമറിക്കപ്പെടാതെ നിലനില്‍ക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

Top