തിരുവനന്തപുരം : അഭയ കേസില്‍ നാര്‍കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെ ഇന്ന് വിസ്തരിക്കും. ഡോക്ടര്‍മാരായ പ്രവീണ്, കൃഷ്ണവേണി എന്നിവരെയാണ് വിസ്തരിക്കുന്നത്. ഇവരെ വിസ്തരിക്കരുതെന്ന പ്രതിഭാഗത്തിന്റെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു.
2007ലാണ് പ്രതികളുടെ നാര്‍കോ അനാലിസിസ് ബാംഗ്ലൂരില്‍ വെച്ച് നടന്നത്. അഭയയെ കൂടം പോലെയുള്ള വസ്തു കൊണ്ട് അടിച്ചെന്നും പിന്നീട് കിണറ്റിലിട്ടെന്നുമായിരുന്നു നാര്‍ക്കോ ടെസ്റ്റില്‍ പ്രതികള്‍ പറഞ്ഞത്.
അഭയ കേസില്‍ രാസപരിശോധനാ ഫലം തിരുത്തിയ കേസില്‍ വെറുതെ വിട്ട പ്രതികളെ ഇന്നലെ വിസ്തരിച്ചിരുന്നു. തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ മുന്‍ കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീത, കെമിക്കല്‍ അനലിസ്റ്റ് കെ ചിത്ര എന്നിവരെയാണ് തിരുവനന്തപുരം സിബിഐ കോടതി വിസ്തരിച്ചത്.
1992 ഏപ്രില്‍ പത്തിന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ കൊല്ലപ്പെട്ട അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്ന് കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
അതേസമയം, കേസിലെ 21-ാം സാക്ഷിയായ ഡോ. എം എ അലി, സിബിഐ കോടതിയില്‍ കഴിഞ്ഞദിവസം നിര്‍ണായക മൊഴി നല്‍കി. പ്രാഥമിക ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ ഒപ്പുകള്‍ വ്യാജമാണെന്നാണ് ഡോ. എം എ അലി മൊഴി നല്‍കിയത്. ഡല്‍ഹി സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സസിലെ മുന്‍ കൈയ്യക്ഷര വിദഗ്ധനാണ് ഡോക്ടര്‍ എം എ അലി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്ഐ വി വി അഗസ്റ്റിന്‍ തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ സാക്ഷികളുടെ ഒപ്പുകള്‍ വ്യജമാണെന്നാണ് അലി മൊഴി നല്‍കിയിരിക്കുന്നത്.
നേരത്തെ കേസിലെ സാക്ഷിയായി വിസ്തരിച്ച സ്‌കറിയ തന്നെ ഒപ്പ് തന്റേതല്ലെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.തൊണ്ടി സാധനങ്ങള്‍ നശിപ്പിച്ച ശേഷം തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ആണെന്നാണ് സിബിഐ കണ്ടെത്തിയിരുന്നത്. ഈ കണ്ടെത്തല്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു മുന്‍ കൈയ്യക്ഷരവിദഗ്ധനായ ഡോ. എം എ അലിയുടെ മൊഴി.