ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരണവുമായി സാമ്പത്തികശാസ്ത്ര നൊബേല്‍ സമ്മാനജേതാവ് അഭിജിത് ബാനര്‍ജി. വിവാദപ്രസ്താവനകള്‍ പറഞ്ഞ് കുഴപ്പത്തിലാകരുതെന്ന് പ്രധാനമന്ത്രി ‘മുന്നറിയിപ്പ്’നല്‍കിയിരുന്നെന്നും അഭിജിത് പറഞ്ഞു.
നല്ലതും സൗഹാര്‍ദപരവുമായ കൂടിക്കാഴ്ചയായിരുന്നു. എങ്ങനെയാണ് മാധ്യമങ്ങള്‍ എന്നെക്കൊണ്ട് മോദി വിരുദ്ധ പ്രസ്താവനകള്‍ പറയിപ്പിച്ച് കുരുക്കിലാക്കാന്‍ ശ്രമിക്കുന്നത് എന്നതിന് ഒരു തമാശ പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സംഭാഷണം ആരംഭിച്ചത്. അദ്ദേഹം ടി.വി. കാണാറുണ്ട്. അദ്ദേഹം നിങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട് സുഹൃത്തുക്കളെ- ബാനര്‍ജി പറഞ്ഞു.
മാനവ വിഭവശേഷി സൂചികയില്‍ ഇന്ത്യ പിന്നിലായി പോയതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാന്‍ അഭിജിത് തയ്യാറായില്ല. മാനവ വിഭവ ശേഷി സൂചികയ്ക്ക് ഞാന്‍ സംഭാവനകളൊന്നും നല്‍കിയിട്ടില്ല. ഞാന്‍ ഇല്ലാതെ തന്നെ അത് നന്നായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഞാന്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഒന്നിലേക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.