വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഐ.എം.എഫ് മുഖ്യശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ് പങ്കുവെച്ച ദീപാവലി ആഘോഷ ചിത്രം. ലോകത്തിലെ തന്നെ പ്രമുഖരായ മൂന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കൊപ്പമുള്ള ചിത്രമാണ് ഗീതാ ഗോപിനാഥ് പങ്കുവെച്ചിരിക്കുന്നത്.
റിസർവ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, 2019ലെ നൊബേല്‍ സമ്മാന ജേതാക്കളായ എസ്തര്‍ ഡഫ്‌ലോ, അഭിജിത്ത് ബാനര്‍ജി, ജെ-പാല്‍ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗീതാ ഗോപിനാഥിന്റെ ഭര്‍ത്താവുമായ ഇഖ്ബാല്‍ ധലിവാല്‍ എന്നിവരാണ് ചിത്രത്തിലുള്ളത്. ‘Fun pre-Diwali evening’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം നിമിഷനേരം കൊണ്ട് വൈറലായി. നിരവധി പേര്‍ കമന്റുകളുമായെത്തി. ചിലര്‍ അമ്പരപ്പും അത്ഭുതവും പങ്കുവെച്ചു. ‘1927ലെ സോള്‍വെ സമ്മേളന ചിത്രത്തിന്റെ സാമ്പത്തിക ശാസ്ത്രജ്ഞരുടെ പതിപ്പ്’ എന്നാണ് ഒരാള്‍ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇതുവരെ പകര്‍ത്തിയതില്‍ ഏറ്റവും ഇന്റലിജന്റ് ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോള്‍വേ സമ്മേളനത്തിന്റെ ചിത്രത്തില്‍ ഐന്‍സ്റ്റീന്‍, നീല്‍സ് ബോഹ്ര്‍ തുടങ്ങിയ വിഖ്യാത ശാസ്ത്രജ്ഞരാണുള്ളത്. പവര്‍ പാക്ക്ഡ് എന്നാണ് മറ്റൊരാള്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
Fun pre-Diwali evening with Abhijit, Esther, Raghu and @iqbaldhali. pic.twitter.com/YxE5uyj85u
— Gita Gopinath (@GitaGopinath) October 26, 2021
ഇന്ത്യന്‍-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞയായ ഗീതാ ഗോപിനാഥ് 2019 ജനുവരിയിലാണ് ഐ.എം.എഫില്‍ ചേര്‍ന്നത്. 2022 ജനുവരിയില്‍ ഗീത ഐ.എം.എഫിലെ സേവനം അവസാനിപ്പിച്ച് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലേക്ക് തിരിച്ചെത്തും