അഭിലാഷ് ടോമിയുടെ ആരോഗ്യ നില തൃപ്തികരം; ഒരാഴ്ചക്കുള്ളില്‍ ഇന്ത്യയിലെത്തും

കൊച്ചി: പായ്ക്കപ്പല്‍ സഞ്ചാരത്തിടെ പരിക്കേറ്റ അഭിലാഷ് ടോമി ഒരാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ എത്തുമെന്ന് നാവികസേന അറിയിച്ചു. ഫ്രഞ്ച് അധീനതയിലുള്ള ആംസ്റ്റര്‍ഡാം ദ്വീപിലാണ് അഭിലാഷ് ടോമി ഇപ്പോഴുള്ളത്‌.

നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് സത്പുര ആംസ്റ്റര്‍ഡാം ദ്വീപില്‍ നാളെയെത്തും. നാളെത്തന്നെ അഭിലാഷ് ടോമിയുമായി തിരികെ മടങ്ങുമെന്നാണ് വിവരം. അഭിലാഷ് ടോമി യാത്രചെയ്ത പായ് വഞ്ചി അറ്റകുറ്റപ്പണി ചെയ്യാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയെന്നും നാവികസേന അറിയിച്ചു.

ദ്വീപില്‍ വിമാനമിറങ്ങാന്‍ സൗകര്യമില്ലാത്തതിനാല്‍ കടല്‍മാര്‍ഗമേ യാത്ര സാധ്യമാകൂ. മൊറീഷ്യസില്‍ വിശദപരിശോധനയ്ക്കു ശേഷം അനുമതി ലഭിച്ചാല്‍ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കാനുള്ള സാധ്യതയും പരിഗണിക്കും. ആരോഗ്യനില അതിവേഗം മെച്ചപ്പെട്ടു വരുന്നതായി അഭിലാഷിനോടു സംസാരിച്ച വൈസ് അഡ്മിറല്‍ പി.അജിത്കുമാര്‍ അറിയിച്ചു. സാരമായ ചില പരുക്കുകളുണ്ടെങ്കിലും ആശങ്കപ്പെടേണ്ട തരത്തിലുള്ളവയല്ലെന്ന് പ്രതിരോധവകുപ്പ് വക്താവും വ്യക്തമാക്കി.

‘കടല്‍ അവിശ്വസനീയമാം വിധം പ്രക്ഷുബ്ധമായിരുന്നു. കടലില്‍ ബോട്ട് ആടിയുലഞ്ഞു. എന്റെ കടലിലെ പരിചയം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. നാവിക സേനയിലെ പരിചയും കൂടുതല്‍ തുണച്ചു. പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി’ ഇന്ത്യന്‍ നാവിക സേനയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അഭിലാഷ് ടോമി പറഞ്ഞിരുന്നു.

Top