കൊച്ചി : എറണാകുളം മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ സ്മരണയില്‍ വട്ടവട പഞ്ചായത്തില്‍ ആരംഭിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് പുസ്തക പ്രവാഹം.
നാടിന്റെ വിവിധ കോണുകളില്‍ നിന്നും നിരവധി പുസ്തകങ്ങളാണ് വായനശാലയിലെത്തുന്നത്. ആയിരത്തോടടുത്ത് പുസ്തകങ്ങള്‍ ഇതിനകം വായനശാലയില്‍ എത്തിയിട്ടുണ്ട്.
ലൈബ്രറിയിലേക്കായി ഇടതുപക്ഷ അനുഭാവികളായ ഹോമിയോപ്പതി ഡോക്ടര്‍മ്മാരുടെ കൂട്ടായ്മയായ ‘പ്രോഗ്രസീവ് ഹോമിയോപ്പത്‌സ് ഫോറം വിംഗ്‌സ് ഓഫ് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്’ വാങ്ങിയ പുസ്തകങ്ങളും പഞ്ചായത്തിന് കൈമാറി.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.പി.എ മുഹമ്മദ് റിയാസിന് നല്‍കിയ പുസ്തകങ്ങള്‍ വട്ടവട പഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍ സതീഷ് കുമാര്‍ ആണ് ഏറ്റുവാങ്ങിയത്.
അഭിമന്യു മഹാരാജാസ് ലൈബ്രറിക്കായി ഡി.സി ബുക്‌സ് പുസ്തകങ്ങള്‍ സമ്മാനിച്ചിരുന്നു. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്ക് പുസ്തകങ്ങള്‍ മുതല്‍ പുതുതലമുറ എഴുത്തുകാരുടെ വരെയുള്ള 1000 പുസ്തകങ്ങളാണ് ലൈബ്രറിക്കായി നല്‍കിയത്.