എസ്.എഫ്.ഐക്ക് വഴങ്ങേണ്ടന്നും, അടിച്ചാല്‍ തിരിച്ചടിക്കാനും നിര്‍ദേശമുണ്ടായിരുന്നു ; ആദില്‍

കൊച്ചി : മഹാരാജാസ് കോളേജില്‍ നവാഗതരെ വരവേല്‍ക്കുന്നതിനായി ചുവരെഴുതുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് കേസിലെ മുഖ്യപ്രതി ആദിലിന്റെ മൊഴി പുറത്ത്.

ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ എത്തിച്ചത്, എന്ത് വിലകൊടുത്തും ചുവരെഴുതാനായിരുന്നു ക്യാമ്പസ് ഫ്രണ്ട് തീരുമാനം, എസ്.എഫ്.ഐക്ക് വഴങ്ങേണ്ടന്നും തീരുമാനിച്ചിരുന്നു. അടിച്ചാല്‍ തിരിച്ചടിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു അതിനാല്‍ ആയുധങ്ങള്‍ കരുതിയിരുന്നതായും അഭിമന്യു കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആദില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

സംഭവം നടന്ന ഈ മാസം രണ്ടാം തീയതി പുലര്‍ച്ചെ 12.15ന് മഹാരാജാസ് കോളേജിന്റെ പിന്നിലുള്ള ഗേറ്റിന് സമീപത്തെ ചുവരില്‍ എഴുതാനായാണ് തങ്ങള്‍ എത്തിയത്. ചുമരില്‍ നവാഗതരെ വരവേല്‍ക്കാനായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബുക്ക്ഡ് എന്ന് രേഖപ്പെടുത്തിയിരുന്നു. ഇവിടെ കോളേജിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനും മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയുമായ വടുതല സ്വദേശി മുഹമ്മദിന്റെ നേതൃത്വത്തില്‍ പോസ്‌റ്ററൊട്ടിച്ചു. ഇതിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്‌തതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

വാക്കുതര്‍ക്കം അവസാനിപ്പിച്ച്‌ മുഹമ്മദിന്റെ നേതൃത്വത്തിലുള്ളവര്‍ മടങ്ങി. പിന്നീട് രാത്രിയില്‍ പത്തിലേറെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികള്‍ അഭിമന്യുവിനെ അടിച്ചുവീഴ്‌ത്തിയ ശേഷം കുത്തുകയായിരുന്നു. ഈ അക്രമികള്‍ തന്നെയാണ് അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെയും കുത്തിയത്. ഇവര്‍ക്ക് കുത്തേറ്റതിന് പിന്നാലെ തങ്ങള്‍ വാഹനത്തില്‍ രക്ഷപെടുകയായിരുന്നെന്നും ആദില്‍ മൊഴി നല്‍കി.

ആലുവ എടത്തല സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മറ്റി അംഗവുമായ ആദിലിനെ ഞായറാഴ്ചയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡിനെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നും ഇന്ന് രാവിലെ ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top