കൊച്ചി: അഭിമന്യു വധക്കേസില്‍ 26 – ാം പ്രതിയായ കണ്ണൂര്‍ ശിവപുരം സ്വദേശി മുഹമ്മദ് റിഫയ്ക്ക് എല്‍എല്‍ബി സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ അവസരം നല്‍കണമെന്നു ഹൈക്കോടതി. വ്യാഴാഴ്ചയും 19, 26 തീയതികളിലും നടക്കുന്ന പരീക്ഷ എഴുതാന്‍ താല്‍കാലികമായി അനുവദിക്കാനും ഫലപ്രഖ്യാപനം കോടതിയുടെ വിധിക്കനുസരിച്ച് മതിയെന്നും ഹൈക്കോടതി വ്യക്തമാക്കി.
മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ജൂലൈ 25നാണ് റിഫയെ പോലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ പ്രതി ചേര്‍ത്തെങ്കിലും പൊലീസ് ഇതുവരെ 16 പേര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ നിരപരാധിയാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. രണ്ടാം സെമസ്റ്ററിലെ നാലു പേപ്പറുകളുടെ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഫീസ് കെട്ടിവച്ചെങ്കിലും സര്‍വകലാശാല ഹാള്‍ടിക്കറ്റ് നല്‍കിയില്ല. കോളജ് പ്രിന്‍സിപ്പല്‍ അന്വേഷിച്ചപ്പോള്‍ റിഫയെ പരീക്ഷ എഴുതിക്കേണ്ടെന്നാണ് എംജി സര്‍വകലാശാല അധികൃതര്‍ മറുപടി നല്‍കിയതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.