കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കേസിലെ എട്ട് പ്രതികളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ കേസില്‍ നേരിട്ട് പങ്കാളികളായ പ്രതികളെയാണ് സാക്ഷികള്‍ തിരിച്ചറിഞ്ഞത്.
ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി ജെ ഐ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം ആദില്‍, പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പ് അംഗം സനീഷ്, ക്യാമ്പസ് ഫ്രണ്ട് കൊച്ചി മേഖലാ ട്രഷററായ നെട്ടൂര്‍ സ്വദേശി റെജീബ്, പത്തനംതിട്ട സ്വദേശിയും കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ പ്രവേശനം നേടിയ വിദ്യാര്‍ഥിയുമായ ഫറൂഖ് എന്നിവരടക്കമുള്ള പ്രതികളെയാണ് സാക്ഷികള്‍ തിരിച്ചറിഞ്ഞത്.
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ക്രിമിനലുകളായ 15 പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബാക്കിയുള്ളവര്‍ അക്രമികള്‍ക്ക് സഹായം നല്‍കിയവരാണ്. വെള്ളിയാഴ്ച അറസ്റ്റിലായ നെട്ടൂര്‍ സ്വദേശിയും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ അബ്ദുള്‍ നാസറിനെ റിമാന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ ജൂലൈ രണ്ടിന് രാത്രി 12.45നാണ് മഹാരാജാസ് കോളേജില്‍ ക്യാമ്പസ്് ഫ്രണ്ട് ക്രിമിനലുകള്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. എസ്എഫ്ഐ പ്രവര്‍ത്തകരായ അര്‍ജുന്‍, വിനീത് എന്നിവര്‍ക്കും കുത്തേറ്റിരുന്നു.