ആലപ്പുഴ: വള്ളിക്കുന്നത്ത് അഭിമന്യുവിനെ കൊലപ്പെടുത്തിയത് വൈരാഗ്യം മൂലമെന്ന് പ്രതികളുടെ കുറ്റസമ്മത മൊഴി. മുഖ്യപ്രതി സജയ് ജിത്താണ് കേസ് അന്വേഷിക്കുന്ന സംഘത്തിന് മുന്‍പില്‍ കുറ്റം സമ്മതിച്ച് മൊഴി നല്‍കിയത്.
അഭിമന്യുവിന്റെ സഹോദരന്‍ അനന്തുമായി തനിക്ക് മുന്‍ വൈരാഗ്യമുണ്ടായിരുന്നു എന്നും അനന്തുവിനെ അക്രമിക്കാനാണ് ഉത്സവ സ്ഥലത്ത് സംഘം ചേര്‍ന്ന് എത്തിയതെന്നുമാണ് മൊഴി. എന്നാല്‍ അനന്തുവിന് പകരം അഭിമന്യുവായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ജ്യേഷ്ഠനെവിടെയെന്ന ചോദ്യത്തില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് കൊലപാതകത്തിലേക്കെത്തുകയായിരുന്നു.
അഭിമന്യുവിനെ കയ്യില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള കത്തികൊണ്ട്കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നും കൊലപാതകം ആസൂത്രിതമായി തന്നെ നടത്തിയതാണെന്നും പ്രതികള്‍ പൊലീസിന് മുന്‍പില്‍ സമ്മതിച്ചിട്ടുണ്ട്. കേസില്‍ കസ്റ്റഡിയിലുണ്ടായിരുന്ന രണ്ടു പ്രതികളുടെയും അറസ്റ്റ് ഇന്ന് രാവിലെ ഔദ്യഗികമായി രേഖപ്പെടുത്തി.
മുഖ്യപ്രതി എന്ന നിലയില്‍ സജയ് ജിത്തിന്റെയും സംഭവത്തില്‍ പങ്കെടുത്ത പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച വള്ളിക്കുന്നം സ്വദേശി ജിഷ്ണു തമ്പിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
തുടര്‍ന്ന് തെളിവെടുപ്പിനായി പ്രതികളെ അന്വേഷണ സംഘം കസ്റ്റഡയില്‍ വാങ്ങും.അതേ സമയം ആക്രമണത്തില്‍ അഞ്ച് പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ആര്‍.ജോസ്, വള്ളിക്കുന്നം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി.മിഥുന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.