അഭിമന്യു വധക്കേസ്; മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍.

നെട്ടൂര്‍ സ്വദേശി റജീബാണ് പിടിയിലായിരിക്കുന്നത്. ക്യാപസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയാണ് റജീബ്.

അതേസമയം, അഭിമന്യുവിന്റെ കൊലപാതക സംഘത്തിലെ അംഗമെന്ന് കരുതുന്ന പള്ളുരുത്തി ബത്തേരി സ്വദേശി സനീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം പിടിയിലായ ക്യാംമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ കൊച്ചിയില്‍ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയാണ്. അഭിമന്യുവിനെ ആക്രമിച്ച സംഘത്തെ വിളിച്ചുവരുത്തിയത് റിഫയാണ്. മുഖ്യപ്രതി മുഹമ്മദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചുവരെഴുത്തിനെ ചൊല്ലിയായിരുന്നു തര്‍ക്കമെന്ന് അഭിമന്യു വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. ഗോവയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് സൂചന. അഭിമന്യുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണ്.

കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദ് ആണ്. ആദില്‍ എന്നയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയായ മുഹമ്മദിനെ പൊലീസ് പിടികൂടിയത്. മറ്റുപ്രതികളെ ക്യാമ്പസിലേക്ക് വിളിച്ച് വരുത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. പത്ത് പേര്‍ കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേര്‍ മാത്രമാണ് കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തത്. മറ്റുള്ളവര്‍ കൊലപാതകത്തിന് കൂട്ടുനിന്നവരാണ്.

Top