ഇടുക്കി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ വേദന പങ്കുവെച്ച് പ്രൊഫസര്‍ ടി.ജെ ജോസഫ്. ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ വലതു കൈ മതതീവ്രവാദികള്‍ വെട്ടിമാറ്റിയിരുന്നു.
അഭിമന്യുവിന്റെ മുഖം കാണുമ്പോള്‍ വീണ്ടും വേദനയുണ്ടാകുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. തന്നെ ദ്രോഹിച്ചവരോട് ക്ഷമിച്ചെങ്കിലും അഭിമന്യുവിന് സംഭവിച്ചത് ഇനിയൊരാള്‍ക്കും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുവെന്നും മഹാരാജാസില്‍ ഇത്തരമൊരു സംഭവം ഉണ്ടാകുമെന്ന് വിചാരിച്ചില്ലെന്നും കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായി ടി.ജെ ജോസഫ് വ്യക്തമാക്കി.
”അവിടെ ഇപ്പോഴും പഠിക്കുന്ന ഒരു കുട്ടിതന്നെയാണ് ഞാനെന്നെനിക്ക് തോന്നാറുണ്ട്. അവിടുത്തെ ഒരു വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതകം എന്നെ സംബന്ധിച്ച് ഒരു സഹപാഠിയുടെ കൊലപാതകം പോലെയാണ് അനുഭവപ്പെടുന്നത് ”, അദ്ദേഹം പറയുന്നു.
അഭിമന്യുവിന്റെ കൊലപാതകവുമായി അധ്യാപകന്റെ കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് ടി.ജെ ജോസഫിന്റെ പ്രതികരണം എത്തുന്നത്.