അഭിമന്യു വധം; പൊലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് എഐഎസ്എഫ്

aisf

കോട്ടയം: മഹാരാജ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് എഐഎസ്എഫ്.

ക്യാംപസ് ഫ്രണ്ട് നേതാക്കള്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയിട്ട് 12 ദിവസം പിന്നിടുമ്പോഴും കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ള പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് വ്യക്തമാക്കുന്നതെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വിമര്‍ശിച്ചു.

അന്വേഷണങ്ങളും, റെയ്ഡുകളും നടക്കുന്നതല്ലാതെ പ്രധാന പ്രതികളിലേക്ക് പൊലീസ് എത്തുന്ന സൂചനകള്‍ കാണുന്നില്ലെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തി.

കൊലപാതകത്തിലെ പ്രധാന പ്രതികള്‍ വിദേശത്തേക്കു കടന്നു എന്ന പൊലീസ് ഭാഷ്യം വന്‍ അനാസ്ഥയാണ് സൂചിപ്പിക്കുന്നതെന്നും, ഇപ്പോള്‍ അറസ്റ്റിലായ ചില പ്രതികള്‍ മഹാരാജാസ് കോളജ് വിദ്യാര്‍ഥികള്‍ പൊലീസിനു കൈമാറിയവരാണെന്നും എഐഎസ്എഫ് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ജെ. അരുണ്‍ ബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും ആവശ്യപ്പെട്ടു.

സാമൂഹിക പ്രതിബദ്ധതയും, തികഞ്ഞ ഇടതുപക്ഷ വീക്ഷണവുമുള്ള അഭിമന്യുവിനെ ആസൂത്രിതമായി കൊലപ്പെടുത്താനുള്ള മത തീവ്രവാദ സംഘടനയുടെ ഗൂഢാലോചനയില്‍ പങ്കാളികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ജാഗ്രത പൊലീസ് കാട്ടണമെന്നും, പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് മത തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകരമാവുകയും ഈ സാഹചര്യങ്ങളെ മുതലെടുത്തു വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്ന ശക്തികള്‍ക്കു കരുത്തു പകരുകയും ചെയ്യുമെന്നും എഐഎസ്എഫ് പറഞ്ഞു.

Top