ന്യൂഡല്‍ഹി: പാക് യുദ്ധ വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലാവുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ തന്റെ സൈനിക വ്യൂഹം സ്ഥിതി ചെയ്യുന്ന ശ്രീനഗറിലേക്ക് തിരിച്ചെത്തുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചികിത്സ പൂര്‍ത്തിയാക്കിയ അഭിനന്ദനോട് നാല് ആഴ്ചത്തെ വിശ്രമ അവധിയില്‍ പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ശ്രീനഗറിലേക്ക് തിരിച്ചു പോകാന്‍ അഭിനന്ദന്‍ തീരുമാനിക്കുകയായിരുന്നെന്ന് വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി.
അഭിനന്ദ് വര്‍ദ്ധമാനെ ഈ മാസം ഒന്നാം തീയതിയാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് തിരികെ കൈമാറിയത്. കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാകിസ്ഥാന്‍ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലാവുന്നതിന് മുന്‍പെ പാകിസ്ഥാന്റെ എഫ്16 വിമാനം അഭിനന്ദന്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു. ഇതിനിടെ അഭിനന്ദന്റെ വിമാനവും വെടിയേറ്റു വീണു. പാരച്യൂട്ടിൽ താഴെയിറങ്ങവേയാണ് അഭിനന്ദൻ പാകിസ്ഥാന്റെ പിടിയിലായത്.