കൊച്ചി : കേരളം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ചപ്പോള്‍ ജനങ്ങളാകെ ഒറ്റക്കെട്ടായി നിന്ന് അതിജീവനത്തിനുള്ള പ്രയത്നത്തിലാണ്.
കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു നമ്മള്‍ നേരിട്ടത്. എല്ലാവരുടെയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് കേരളത്തെ താങ്ങിനിര്‍ത്തിയത്.
ദുരന്തമുഖത്ത് പകച്ചു നില്‍ക്കുന്നതിന് പകരം പക്വമായി ഇടപെട്ട മലയാളിയെയാണ് ലോകം കണ്ടത്. കുട്ടികള്‍ പോലും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിച്ചു.
കേരളം പൂര്‍വ്വസ്ഥിതിയിലേയ്ക്ക് തിരിച്ചു വരികയാണ്. ക്യാമ്പുകളിലും ഒന്നിച്ച് കൈകോര്‍ത്ത മനുഷ്യരെ മാത്രമേ കാണാന്‍ സാധിക്കൂ. ഇതിനിടയിലാണ് കുന്നത്തുനാട് ഗ്രാമ പഞ്ചായത്തിന്റെ, സെന്റ്.മേരീസ് എച്ച്, എസ് ,എസ് മോറയ്ക്കാലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ അഭിനവിന്റെ മൂന്നാം പിറന്നാള്‍ ഗംഭീരമാക്കിയത്.
കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജോ വി തോമസ്, വാര്‍ഡ് മെമ്പര്‍ മാരായ ടി.വി ശശി, സെലിന്‍ എബ്രഹാം, എവി ജേക്കബ് എന്നിവരും പിറന്നാള്‍ ആഘോഷത്തില്‍ പങ്കാളികളായി.
നിലവിളികള്‍ക്കും പരാതികള്‍ക്കും ആശങ്കകള്‍ക്കും ഇനി ആ കുഞ്ഞു മനസ്സില്‍ സ്ഥാനമില്ല. ദുരന്തം കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസികാഘാതം ചെറുതല്ല. എന്നാല്‍, അഭിനവിന് ഇനി ക്യാമ്പ് ജീവിതം സന്തോഷത്തിന്റെ ഓര്‍മ്മകളായിരിക്കും എന്നതില്‍ സംശയമില്ല.
വെസ്റ്റ് കടുങ്ങല്ലൂര്‍ മുപ്പത്തടം സ്വദേശികളായ അക്കരകാട്ടില്‍ റനീഷ് -സിനി ദമ്പതികളുടെ മകനാണ് അഭിനവ് റനീഷ്. ആദിദേവ് റനീഷ് സഹോദരനാണ്.
ചെങ്ങമനാട്, ദേശം, നോര്‍ത്ത് പറവൂര്‍, കോട്ടുവള്ളി, കടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് മോറയ്ക്കാല ക്യാമ്പില്‍ കൂടുതലായുള്ളത്. ആഗസ്റ്റ് 16നു 3 ഫാമിലി ആയി തുടങ്ങിയ ക്യാമ്പില്‍ ഇപ്പോള്‍ മുന്നൂറോളം അന്തേവാസികളുണ്ട്.
പ്രളയക്കെടുതികളില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന ആലുവയില്‍ നിന്നും ആണ് കൂടുതല്‍ അഭയാര്‍ത്ഥി കുടുംബങ്ങള്‍.